പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു; എണ്ണം തികക്കാൻ നെട്ടോട്ടം
text_fieldsപ്രതീകാത്മക ചിത്രം
ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ നന്നേ കുറഞ്ഞു. എണ്ണം തികക്കാൻ അധ്യാപകർ നെട്ടോട്ടത്തിൽ. ആറാം പ്രവൃത്തി ദിനമായ ജൂൺ എട്ടിന് വൈകീട്ട് അഞ്ചിനുള്ളിൽ എണ്ണം സംബന്ധിച്ച കണക്ക് ഓരോ വിദ്യാലയങ്ങളും മേലധികാരികൾക്ക് കൈമാറണം. ഇതിനെ അടിസ്ഥാനമാക്കിയാണ് തസ്തിക നിർണയം നടക്കുക.
ഡിവിഷൻ നിലനിർത്തുന്നതിനായി കുട്ടികളെ അന്വേഷിച്ച് പരക്കം പാച്ചിലിലാണ് വിദ്യാലയ അധികൃതരിപ്പോൾ. ഒന്നാം തരത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിലാണ് വൻ കുറവുണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി ഇരുപത്തിയഞ്ച് ശതമാനത്തോളം കുട്ടികൾ ഓരോ ജില്ലയിലും കുറഞ്ഞിട്ടുണ്ട്. ഇതു മൂലം വൻതോതിൽ തസ്തികകൾ നഷ്ടമാകാൻ കാരണമാകും.
എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ ജോലിസ്ഥിരതയെ ഇത് സാരമായി ബാധിക്കും. ഒപ്പം സർക്കാർ വിദ്യാലയങ്ങളിൽ പുതിയ നിയമനവും നിലച്ചേക്കും. കഴിഞ്ഞ വർഷം രണ്ട് ഡിവിഷൻ നിലനിർത്തിയ വിദ്യാലയങ്ങളിൽ ഇക്കുറി ഒന്നിനുതന്നെ വലിയ വിലകൊടുക്കേണ്ടി വന്നു.
ഇംഗ്ലീഷ് സ്കൂളുകളിലേക്കും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്കും കുട്ടികൾ വൻതോതിൽ ചേക്കേറിയതാണ് ഈ വർഷം പ്രവേശനത്തെ ബാധിച്ചത്. വൻ ഓഫറുകൾ നൽകി കുട്ടികളെ തിരികെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് അധ്യാപകർ ഇപ്പോൾ നടത്തുന്നത്. മുമ്പ് 51 കുട്ടികളിൽ കൂടുതൽ ഉണ്ടായാൽ രണ്ട് ഡിവിഷൻ നൽകിയിടത്ത് കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് രണ്ട് ഡിവിഷന് എൽ.പിയിൽ 31ഉം യു.പി.യിൽ 36ഉം കുട്ടികൾ ഉണ്ടെങ്കിൽ അനുവദിച്ചിരുന്നു.
ഇനിയും കുറക്കുക അപ്രായോഗികമായും. തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്ന അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഒരു നടപടിയും നിലവിൽ ചർച്ച ചെയ്യുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

