വാർത്തയുടെ ലോകം തുറന്നിടുന്ന ഗൗതം എരവിലിന് ഇന്ത്യ ബുക്സ് അംഗീകാരം
text_fieldsചെറുവത്തൂർ: കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടന്നകാലം സർഗപരമായി വിനിയോഗിച്ച ഗൗതം എരവിലിന് ഇന്ത്യ ബുക്സിെൻറ അംഗീകാരം. വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ റെക്കോഡ് സൃഷ്ടിക്കുന്നവർക്ക് നൽകുന്നതാണിത്. 2020 ജൂൺ 28 മുതൽ ആരംഭിച്ച വാർത്ത വായന മുന്നൂറിലധികം ദിവസം പിന്നിട്ടിരിക്കുന്ന വേളയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഗൗതം എരവിൽ സ്ഥാനം പിടിച്ചത്.
പഠനം ഓൺലൈനിലായപ്പോൾ ഒഴിവുസമയങ്ങൾ പഠനത്തോടൊപ്പം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാനും കൂടിയുള്ളതാണെന്ന് തെളിയിച്ചു ഗൗതം. 300 ദിവസത്തിലധികമായി ഈ ആറാം ക്ലാസുകാരൻ 'ജി ആൻഡ് ജി ന്യൂസു'മായി സജീവമാണ്. സ്ഥിരമായി വാർത്ത വായിക്കുക, വെറും വായനക്കുപരി ടെലിവിഷൻ വാർത്തയുടെ ശൈലിയിൽ ആകർഷമായി അവതരിപ്പിക്കുക, വാർത്തകളും അതിെൻറ വിശദാംശങ്ങളും പങ്കുവെക്കുക, ഓരോ ദിവസത്തെയും പ്രാധാന്യത്തെക്കുറിച്ച് സ്പെഷൽ എഡിഷൻ ചെയ്യുക, വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുംപോലെ വാർത്തയെ ലൈവായി അവതരിപ്പിക്കുക എന്നിങ്ങനെയായിരുന്നു പ്രവർത്തനങ്ങൾ. സ്കൾ ഗ്രൂപ്പിൽ മാത്രമല്ല നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലും നിത്യേനയെത്തുന്ന ഗൗതം എരവിൽ എന്ന കുഞ്ചൂസിെൻറ വാർത്ത വായനക്ക് ഏറെ ആരാധകരുണ്ട്.
ഗൗതം തനിക്ക് ഇഷ്ടപ്പെട്ട വാർത്തചാനൽ പ്രതിനിധികളുടെ ശൈലിയിൽനിന്ന് പഠിച്ച് പുതിയ ശൈലിയിൽ ഗ്രൂപ്പിൽ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ ചന്തേര ഗവൺമെൻറ് യു.പി സ്കൂൾ അധ്യാപകരും കൂട്ടുകാരും പിന്തുണയും പ്രോത്സാഹനവുമായെത്തി. ഇതോടെ വായന സ്ഥിരം സംവിധാനമായി. പ്രത്യേക ദിനങ്ങളുടെ പ്രാധാന്യംകൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഗൗതമിെൻറ സഹോദരി ഗായത്രി എരവിലാണ് 'ജി ആൻഡ് ജി ന്യൂസ്' സ്പെഷൽ ചെയ്യുന്നത്.
കേരള ജല അതോറിറ്റി ജീവനക്കാരൻ വിനോദ് എരവിലിെൻറയും മോട്ടോർ വെഹിക്കിൾ വകുപ്പിലെ ജീവനക്കാരി പി.വി. ഷൈനിയുടെയും മകനാണ്.