ചെറിയാക്കര വയൽ തുറന്ന ക്ലാസ് മുറിയായി; കുട്ടികൾക്ക് വയലും പാഠമായി
text_fieldsചെറിയാക്കരയിലെ കുട്ടികൾ വയൽ പാഠം പരിപാടിയിൽ
ചെറുവത്തൂർ: വയലിനെകുറിച്ചും കൃഷിയെകുറിച്ചും പഠിക്കണമെങ്കിൽ എന്തു ചെയ്യും? വയലിലിറങ്ങി പഠിക്കുക തന്നെ. തുറന്ന ക്ലാസ് മുറി എന്ന സങ്കൽപം യാഥാർഥ്യമാക്കി ചെറിയാക്കരയിലെ കുട്ടികൾ കൃഷിപാഠം പഠിച്ചു. വയൽപ്പാട്ട് പാടി ഞാറുനട്ടുണ്ണുന്ന ചേറാണ് ചോറ് എന്ന് ചെറിയാക്കര ഗവ.എൽ.പി സ്കൂൾ കുട്ടികൾ തിരിച്ചറിഞ്ഞു. ഒന്നാംതരത്തിൽ നട്ടുനനച്ച്, രണ്ടാം തരത്തിൽ ഏന്റെ കേരളം, പലതുള്ളി പെരുവെള്ളം, മൂന്നാം തരത്തിൽ മണ്ണിലെ നിധി, എന്റെ തോട്ടം, നന്മവിളയിക്കും കൈകൾ നാലാം തരത്തിൽ വയലും വനവും, സീഡ് ഓഫ് ട്രൂത്ത്, മഹിതം എന്നിവയെല്ലാം കൃഷിയറിവ് പാഠങ്ങളാണ്.
പ്രീ പ്രൈമറി കുട്ടികൾക്കും കൃഷിയറിവുകൾ മനസ്സിലാക്കാനുണ്ട്. കൃഷിച്ചൊല്ല്, കൃഷിപ്പാട്ട്, കൃഷിയിടങ്ങളുടെയും കാർഷികോപകരണങ്ങളുടെയും വര, കർഷകരുമായുള്ള അഭിമുഖത്തിലൂടെ വിവരശേഖരണം, കാർഷികോപകരണങ്ങളുടെ പ്രദർശനം, കൃഷിപതിപ്പ് നിർമാണം എന്നിവയെല്ലാം പ്രധാന പ്രവർത്തനങ്ങളായി മാറി.
കയ്യൂരിലെ രാഘവേട്ടെന്റ കാർഷികോപകരണ ശേഖരം വയൽക്കരയിൽ എത്തിച്ച് ഗ്രാമത്തിലെ മുതിർന്ന കർഷകർ അധ്യാപകരായി മാറിയ വയൽ പാഠം ഒരു വ്യത്യസ്തമായ പഠനാനുഭവമായി. ഒപ്പം കുട്ടികൾക്ക് വയലിൽ കളിക്കാനും വിദ്യാലയം അവസരമൊരുക്കി. ചക്ക വിഭവങ്ങളിലൂടെ നാട്ടുരുചിയും പകർന്നു.
സമഗ്ര ശിക്ഷ ചെറുവത്തൂർ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.വി. നവീൻകുമാർ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ, പി.വി. പത്മിനി, സി. ഷീബ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ടി. ഉഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി. സൗമ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

