ബില്ല് അടച്ചില്ല; ബദിയടുക്ക കൃഷിഭവന്റെ വൈദ്യുതി വിഛേദിച്ചു
text_fieldsബദിയടുക്ക: പഞ്ചായത്ത് വൈദ്യുതി ബില്ല് അടക്കാതെ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കൃഷിഭവന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ബദിയടുക്ക കൃഷിഭവൻ വൈദ്യുതിയാണ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് വിഛേദിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് കൃഷിഭവൻ ഓഫിസ് ഇരുട്ടിലായത്. 2021 ഡിസംബർ മുതൽ ഒടുവിലത്തെ ബില്ലുവരെ കുടിശ്ശികയായി 5768 രൂപയാണ് അടക്കാനുള്ളത്. ബില്ല് പഞ്ചായത്താണ് അടക്കേണ്ടത്. പഞ്ചായത്ത് വീഴ്ചവരുത്തിയതായി കൃഷി ഓഫിസ് അറിയിച്ചു. നേരത്തെ ഉദ്യോഗസ്ഥർ കൈയിൽനിന്നും അടച്ച വൈദ്യുതി ബില്ല് കിട്ടാനുണ്ടെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച ഓഫിസ് പ്രവൃത്തി ദിവസമാണ്.
കനത്ത മഴമൂലം ഓഫിസ് ഇരുട്ടിലായി. തുടർന്ന് കൃഷിഭവൻ ജീവനക്കാർ മെഴുകുതിരി കത്തിച്ച് ജോലി ചെയ്തു. എന്നാൽ, ഓൺലൈനിൽ ചെയ്യേണ്ട പ്രവൃത്തികൾ നടന്നില്ല.
സർക്കാർ ഓഫിസാണെങ്കിലും കാത്തുനിൽക്കാൻ പരിമിതിയുണ്ടെന്ന് വൈദ്യുതി ബദിയടുക്ക സെക്ഷൻ ഓഫിസ് അറിയിച്ചു. അതേസമയം കുടിശ്ശിക തുക അടക്കാനുള്ള ഡിമാന്റ് നോട്ടീസ് വൈദ്യുതി സെക്ഷൻ നൽകാതെയാണ് കൃഷി ഭവൻ ഓഫിസ് വൈദ്യുതി വിഛേദിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കുടിശ്ശിക തുക ഒന്നിച്ചടക്കാൻ മേൽ ഓഫിസിന്റെ അനുവാദം ആവശ്യമാണ്. അതിനായി പഞ്ചായത്ത് ഡി.ഡി.പി ഓഫിസിലേക്ക് കത്ത് നൽകിയതായി സെക്രട്ടറി പറഞ്ഞു.