തൃക്കരിപ്പൂർ: വലിയപറമ്പ പഞ്ചായത്തിലെ പന്ത്രണ്ടിൽ ബീച്ചാരക്കടവ് വാർഡിൽ ഇടതുപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിക്ക് അട്ടിമറി ജയം. കന്നിക്കാരനായ ഖാദർ പാണ്ട്യാലയാണ് ബന്ധുവും മുസ്ലിം ലീഗ് നേതാവുമായ ഉസ്മാൻ പാണ്ട്യാലയെ മലർത്തിയടിച്ചത്. ആകെ 1087 വോട്ടുള്ള വാർഡിൽ പോൾ ചെയ്ത 925 വോട്ടിൽ 533 വോട്ടുകൾ ഖാദർ നേടിയപ്പോൾ ഉസ്മാന് ലഭിച്ചത് 392. 141 വോട്ട് ഭൂരിപക്ഷം. ഒന്നാം ബൂത്തിൽ ഖാദർ 307 വോട്ട് നേടിയപ്പോൾ ഉസ്മാന് കിട്ടിയത് 136 മാത്രം. രണ്ടാം ബൂത്തിൽ യഥാക്രമം 226, 286 എന്നിങ്ങനെയാണ് വോട്ടുനില.
മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റായ ഈ വാർഡ് യു.ഡി.എഫിനൊപ്പം നിന്നതാണ് ചരിത്രം. മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് സ്വന്തം കുടുംബത്തിൽ നിന്നുള്ള പ്രതിയോഗി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനകീയ മുന്നണിയുടെ ബാനറിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഖാദറിനെ എൽ.ഡി.എഫ് അവരുടെ സ്വതന്ത്ര സ്ഥാനാർഥിയായി പിന്തുണക്കുകയും സ്ഥാനാർഥി പട്ടികയിൽ ഖാദറിന് ഇടം നൽകുകയും ചെയ്തു. ഇതോടെ പത്താം വാർഡിൽ മത്സരം പൊടിപാറി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശനം ഉടലെടുത്തത്. കെ.എം.സി. ഇബ്രാഹിമിന് സീറ്റ് നൽകണമെന്നായിരുന്നു വാർഡിൽ നിന്നുയർന്ന ആവശ്യം.നേതൃത്വം ഇക്കാര്യം നിരാകരിച്ച് ഉസ്മാന് സീറ്റ് നൽകിയതാണ് വിമതെൻറ വരവിൽ കലാശിച്ചത്. 1995ൽ ഇരുമുന്നണികൾക്കും കിട്ടിയത് നാലുവീതം സീറ്റുകൾ. അന്ന് മുസ്ലിം ലീഗ് വിമതനായ ഉസ്മാൻ പാണ്ട്യാലയുടെ പിന്തുണയോടെ സി.പി.എമ്മിലെ ടി.വി. ഹേമലത ഭരണത്തിലേറിയതാണ് ചരിത്രം. യൂത്ത് ലീഗ് ഭാരവാഹിയായിരുന്ന ഖാദർ അടുത്തകാലത്തായി പാർട്ടിയിൽ സജീവമല്ല.