കാസർകോട്: കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും. പാതി നഷ്ടമായ കാഴ്ചയെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും മറികടന്നാണ് മടിക്കൈ എരിക്കുളത്തെ രമണി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത്.
ആകെയുള്ള 10 സെൻറ് ഭൂമിയില്‍ പലരുടെയും സഹായത്തോടെ ചെറിയൊരു വീട് കെട്ടി. പക്ഷേ, അങ്ങോട്ടേക്ക് ഇതുവരെ വൈദ്യുതിയെത്തിയില്ല. വൈദ്യുതി തൂണായിരുന്നു പ്രശ്നം.
മുൻഗണന കാര്‍ഡായിട്ടും തൂൺ സൗജന്യമായി ലഭിക്കാതെ വന്നപ്പോഴാണ് സങ്കടവുമായി അദാലത്തിലെത്തിയത്. സങ്കടം കേള്‍ക്കാന്‍ വേദിയില്‍നിന്നിറങ്ങി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടുത്തെത്തിയതോടെ രമണി പൊട്ടിക്കരയുകയായിരുന്നു. അടിയന്തരമായി വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് മന്ത്രി നിര്‍ദേശം നല്കി.
വെള്ളമില്ലാത്ത ദുരിതത്തിന് കൂടി പരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. തൊഴിലുറപ്പ് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തിയിരുന്ന രമണിക്ക് ശാരീരിക അവശതകള്‍ കാരണം ജോലിക്കു പോകാനും കഴിയുന്നില്ല.
ആകെയുള്ള ആശ്രയം സര്‍ക്കാറില്‍നിന്ന് കിട്ടുന്ന പെന്ഷന് മാത്രമാണ്. ഭര്‍ത്താവ് മരിച്ച രമണിയുടെ ഏക മകന് മൂന്നുവര്‍ഷം മുമ്പ് നാടുവിട്ടുപോയിരുന്നു.