നീലേശ്വരം: ബളാൽ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴിങ്ങാട് തട്ടിൽ 1800 വർഷത്തിലേറെ പഴക്കമുള്ള ചെങ്കല്ലറകൾ കണ്ടെത്തി. മഹാശില കാലഘട്ടത്തിലെ സ്മാരകങ്ങളായ രണ്ടു ചെങ്കല്ലറകളാണ് കണ്ടെത്തിയത്. കല്ലഞ്ചിറയിലെ റമീസ്, സക്കറിയ, ഹംസ എന്നീ വിദ്യാർഥികൾ അവരുടെ യുട്യൂബ് ചാനൽ മല്ലുസോണിൽ പോസ്റ്റ് ചെയ്ത കാട്ടിലെ ഗുഹ എന്ന വിഡിയോ ശ്രദ്ധയിൽ പെട്ട പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര ഗവേഷകൻ നന്ദകുമാർ കോറോത്ത് പ്രദേശവാസിയും നെഹ്റു കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനുമായ കെ.വി. വിനീഷ് കുമാറിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗുഹകൾ കണ്ടെത്തിയത്.
1800 വർഷം മുമ്പ് ജീവിച്ചിരുന്ന ജനങ്ങളുടെ ചരിത്രം പറയുന്ന ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. കൊത്തുപണികളോടുകൂടിയ കവാടമുള്ള വലിയ ഒരു ചെങ്കല്ലറയും വലുപ്പം കുറഞ്ഞ മറ്റൊരു ചെങ്കല്ലറയുമാണ് കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള ഉൾഭാഗത്ത് പല വലുപ്പത്തിലും ആകൃതിയിലുമുള്ള മൺപാത്രങ്ങളും കണ്ടെത്തി. മഹാശിലാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യർ അവരുടെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായാണ് ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.മുനിയറ, കൽപത്തായം എന്നിങ്ങനെ വിവിധ പേരുകളിലാണ് പ്രാദേശികമായി ചെങ്കല്ലറകൾ അറിയപ്പെടുന്നത്.