കാസർകോട്: ചട്ടഞ്ചാലിൽ പണിത ടാറ്റയുടെ കോവിഡ് ആശുപത്രി തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ സർക്കാറും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മരണം വരെ ഉപവാസം കിടക്കുമെന്ന തെൻറ പ്രഖ്യാപനം പുറത്തുവന്നതിനുശേഷം സമരം പൊളിക്കാനുള്ള അടവ് മാത്രമാണ് ആശുപത്രി തുറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിലുള്ളത്. ഒരു ഡോക്ടറും 12 നഴ്സുമാരെയും വെച്ച് 50 രോഗികളെ അഡ്മിറ്റ് ചെയ്ത് ആശുപത്രി തുടങ്ങുന്നുവെന്ന ഡി.എം.ഒയുടെ പ്രസ്താവന തന്നെ ഗിമ്മിക്കാണ്.
വെറും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് കേന്ദ്രമായി മാറ്റാതെ ജനങ്ങൾക്ക് ആരോഗ്യസേവനം നൽകുന്ന സംവിധാനമായി ടാറ്റ ആശുപത്രിയെ മാറ്റണം. ഇതിനായി കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടുന്ന സംഘം ഇന്ന് കലക്ടറെയും ഡി.എം.ഒവിനെയും കണ്ട് നിവേദനം നൽകും. ഞാൻ പറയുന്നത് കളവാണെന്ന് പറയുകയാണെങ്കിൽ സർക്കാറിനോട് മാപ്പ് പറഞ്ഞു സമരത്തിൽനിന്ന് പിന്മാറും. 551 കിടക്കകളുള്ള ആശുപത്രിക്ക് 3.41 കോടി രൂപ ചെലവ് ചെയ്യുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടം നൽകിയ അപേക്ഷ ഇതുവരെ പരിഗണിക്കാൻ സർക്കാർ തയാറായിട്ടില്ല. ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, ബാലകൃഷ്ണൻ പെരിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.