കാസർകോട് ഡി.സി.സി പ്രസിഡൻറിനെ അപമാനിച്ചു: യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
text_fieldsവെള്ളരിക്കുണ്ട്: ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലിനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വെള്ളരിക്കുണ്ട് മാലോം സ്വദേശി മാർട്ടിൻ ജോർജിനെയാണ് തൽസ്ഥാനത്തുനിന്ന് ജില്ല കോൺഗ്രസ് അധ്യക്ഷൻ ഹക്കീം കുന്നിൽ സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം തപാൽ മാർഗം മാർട്ടിന് ലഭിച്ചു.
ഹക്കീം കുന്നിൽ നേരും നെറിയുമുള്ള കോൺഗ്രസ് പ്രവർത്തകരോട് പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണ്. മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ പ്രവർത്തിക്കാൻ വേണ്ടി പറഞ്ഞപ്പോൾ അത് ചെയ്യാതിരുന്നതാണ് തന്നെ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കാൻ കാരണം. മരണംവരെ കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊള്ളുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്താണ് കാസർകോട് ജില്ല കോൺഗ്രസ് അധ്യക്ഷൻ ഹക്കീം കുന്നിലിനെതിരെ സോഷ്യൽ മീഡിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.

