കോവിഡിൽ കുതിച്ച് ജില്ല
text_fieldsകാസർകോട്: ജില്ലയിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു. വ്യാഴാഴ്ച 701 പേർ കൂടി കോവിഡ് പോസിറ്റിവായി. 570 പേർ കോവിഡ് മുക്തിയും നേടിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
നിരീക്ഷണത്തിൽ 10441 പേർ
വീടുകളിൽ 9699 പേരും സ്ഥാപനങ്ങളിൽ 742 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 10,441 പേരാണ്. പുതുതായി 805 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻറിനൽ സർവേ അടക്കം പുതുതായി 4178 സാമ്പ്ളുകൾ കൂടി പരിശോധനക്ക് അയച്ചു. 1720 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 749 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 685 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെൻററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെൻററുകളിൽ നിന്നും 586 പേരെ ഡിസ്ചാർജ് ചെയ്തു.40,295 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34,035 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.
കോവിഡ് പ്രതിരോധ നിർദേശങ്ങൾ നടപ്പാക്കും
കാസർകോട്: സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കർശനമായി ജില്ലയിൽ നടപ്പാക്കാൻ ജില്ലതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ ജില്ലയിൽ ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കാൻ തീരുമാനമായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം ഏപ്രിൽ 24ന് ആരംഭിക്കും. അന്തിമ തീരുമാനം 23ന് വൈകീട്ട് ചേരുന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം എടുക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ ഡൊമിസിലറി കെയർ സെൻററുകൾ ആരംഭിക്കും. 25 ബെഡുകൾ വരെ ക്രമീകരിക്കുന്ന ഇവിടെ ചികിത്സ സംവിധാനങ്ങളൊരുക്കും. കോവിഡ് ബാധിതരായ, വീടുകളിൽ സൗകര്യമില്ലാത്തവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങൾ മേൽനോട്ടം വഹിക്കും. ബ്ലോക്ക് തലത്തിൽ കൺട്രോൾ സെല്ലുകൾ പ്രവർത്തനം തുടങ്ങിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, അസി. സർജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ബ്ലോക്ക് തലത്തിൽ കൺട്രോൾ സെല്ലുകൾ പ്രവർത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണിൽ ബന്ധപ്പെടാൻ ഡേറ്റ എൻട്രി ഓപറേറ്റർ, സർക്കാർ ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.
കോവിഡ് പരിശോധന കൂട്ടും
കാസർകോട്: കോവിഡ് പരിശോധന കൂട്ടണമെന്ന് ജില്ലതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 45 വയസ്സിൽ കൂടുതലുള്ളവർക്കിടയിൽ വാക്സിനേഷൻ ഊർജിതമാക്കാനും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജില്ല കലക്ടർ നിർദേശം നൽകി. മൊബൈൽ പരിശോധന യൂനിറ്റ് പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു.
ഡ്രൈവിങ് ടെസ്റ്റ് 14 ദിവസത്തേക്ക് നിർത്തിവെക്കും
കാസർകോട്: ജില്ലയിലെ കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് താൽക്കാലികമായി 14 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് നിർത്തി വെക്കും.ജില്ല തല കൊറോണ കോർ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഒാരോ ആഴ്ചയിലും വീട്ടിലിരുന്ന് പ്രവർത്തിക്കേണ്ട ജീവനക്കാരുടെ വിവരങ്ങൾ എ.ഡി.എമ്മിന് കൈമാറേണ്ടതാണെന്നും യോഗം അറിയിച്ചു. വാർഡ് തല ജാഗ്രത സമിതി പ്രവർത്തനം ഊർജ്ജിതമാക്കും. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് തല ജാഗ്രത സമിതി പ്രവർത്തനം ഊർജ്ജിതമാക്കാനും മാഷ് പദ്ധതിയിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നിർദേശിച്ചു. 45ൽ കൂടുതൽ പ്രായമുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ കെണ്ടത്താൻ മാഷ് പദ്ധതി അധ്യാപകർ പ്രവർത്തിക്കും.
അതിഥിതൊഴിലാളികൾക്ക് സൗകര്യം ഒരുക്കും
കാസർകോട്: അതിഥി തൊഴിലാളികൾക്ക് ജില്ലയിൽ തൊഴിലെടുക്കാൻ സൗകര്യം ഒരുക്കും.ലേബർ ക്യാമ്പുകൾ സന്ദർശിച്ച് സർക്കാർ നിർദേശങ്ങൾ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ ജില്ല ലേബർ ഓഫിസർക്ക് കൊറോണ കോർ കമ്മിറ്റി നിർദേശം നൽകി.
കോവിഡ് സാഹചര്യം മുന്നിൽ കണ്ട് കൂടുതൽ ഭക്ഷ്യ കിറ്റുകൾ ഒരുക്കാൻ ജില്ല സപ്ലൈ ഓഫിസർക്ക് കൊറോണ കോർ കമ്മിറ്റി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

