കാസര്‍കോട്: നഗരത്തിൽ പേപ്പട്ടിയുടെ കടിയേറ്റ് 50ഒാളം പേർ ആശുപത്രിയിൽ.ഉത്രാട ദിനത്തില്‍ ഉച്ചയോടെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പേപ്പട്ടി നിരവധി പേരെ കടിച്ചുപറിച്ചത്.നായ്ക്ക് പേയുണ്ടെന്ന വിവരം പുറത്തുവന്നതോടെ നിരവധി പേർ ആശുപത്രിയിലെത്തി. ആരോഗ്യ വിഭാഗം സാമ്പിള്‍ ശേഖരിച്ച് കണ്ണൂരിലെ സര്‍ക്കാര്‍ ലാബില്‍ പരിശോധനക്കയച്ച് പരിശോധിപ്പോൾ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെയാണ് കൂടുതല്‍ പേര്‍ ചികിത്സക്കെത്തിയത്. പുതിയ ബസ് സ്റ്റാന്ഡിനുപുറമെ അശോക് നഗര്‍, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയങ്കാട്, നുള്ളിപ്പാടി, കോട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും പേപ്പട്ടിയുടെ കടിയേറ്റവരുണ്ട്. മുഹമ്മദ് നാഷിദ് (13) ചൂരി, ഫാത്തിമ നസ്‌വ (അഞ്ച്) ചൂരി, റിഹാന (മൂന്ന്) ബട്ടംപാറ, പ്രസന്ന (38) ബട്ടംപാറ, അഞ്ജലി (20) കൂടല്‍, നന്ദന്ത് കുമാര്‍ (36) അശോക് നഗര്‍, ഷാജന (39) ചൂരി, വിജയലക്ഷ്മി (51) കോട്ടക്കണ്ണി, രാംനാഥ് ഷെട്ടി (51) കോട്ടക്കണ്ണി, ശ്രാവണ്‍ (15) കോട്ടക്കണ്ണി, ശറഫുദ്ദീന്‍ (40) ചൂരി, സരസ്വതി (52) അശോക് നഗര്‍, സുനില്‍ (30) മധൂര്‍, യതീഷ് (22) കറന്തക്കാട് എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
എല്ലാവര്‍ക്കും പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നടത്തുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി. അഞ്ച് തവണയാണ് കുത്തിവെപ്പ് എടുക്കേണ്ടത്. ആദ്യ ദിവസം കുത്തിവെപ്പ് എടുത്താല്‍ മൂന്നാം ദിവസവും ഏഴാം ദിവസവും പതിനാലാം ദിവസവും അതിനുശേഷം 28ാമത്തെ ദിവസവും കുത്തിവെപ്പ് എടുക്കണം.