Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTതീരവാസികളുടെ അരുമയായി 'മുഖംമൂടി ഗാനറ്റ്'
text_fieldsbookmark_border
തൃക്കരിപ്പൂർ: ഉൾക്കടലിൽ കാണപ്പെടുന്ന കടൽപക്ഷി മുഖംമൂടി ഗാനറ്റ് (മാസ്ക്ഡ് ഗാനറ്റ്) ബീച്ചാരക്കടവ് ഗ്രാമത്തിൻെറ അതിഥിയായി. കഴിഞ്ഞ ദിവസം തിരമാലകളിൽ തീരമണഞ്ഞ പറവയെ നാട്ടുകാർ പരിചരിച്ച് പാർപ്പിച്ചിരിക്കുകയാണ്. കടലോരത്തെ ഓലപ്പന്തലിലാണ് വാസം. നാട്ടുകാരുടെ പരിചരണത്തിൽ ഈ കടൽപറവ നന്നായി ഇണങ്ങി. 'സുലിഡെ' കുടുംബത്തിൽപെട്ട 'സുല ഡാക്ടിലാട്ര' എന്ന ശാസ്ത്ര നാമമുള്ള ഈ പക്ഷി പരിക്കുപറ്റി മാത്രമാണ് കരയിൽ എത്തിപ്പെടുകയെന്ന് പക്ഷി നിരീക്ഷകൻ ശശിധരൻ മനേക്കര പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം പക്ഷി നിരീക്ഷകനായ റഹീം മുണ്ടേരി, പരിസ്ഥിതി പ്രവർത്തകൻ പി. വേണുഗോപാലൻ എന്നിവരും ഉണ്ടായിരുന്നു. ബീച്ചാരക്കടപ്പുറം യുവചേതന ക്ലബിനടുത്ത് തീരത്ത് കാണപ്പെട്ട പറവയെ ക്ലബ് പ്രവർത്തകർ മീനും വെള്ളവും നൽകി കടലോരത്തു തന്നെ കാത്തുരക്ഷിച്ചു പോരുകയാണ്. കെ. അനിൽകുമാർ, കെ. മുഹമ്മദ്കുഞ്ഞി, കെ. ദിനേശൻ, കെ.വി. സജിത്ത്, പി.വി. ഷാജു, പി.പി. സുഗുണൻ എന്നിവർക്കാണ് സംരക്ഷണത്തിൻെറ നേതൃത്വം. പ്രായപൂർത്തിയെത്താത്ത നീലമുഖിക്ക് കറുപ്പും മഞ്ഞയും കലർന്ന മുഖംമൂടി വെച്ചതുപോലുള്ള നീണ്ടുകൂർത്ത കൊക്കാണുള്ളത്. ഇരുണ്ട തവിട്ടുനിറമാണ് ചിറകിന്. വയറിലും കഴുത്തിലും വെള്ള നിറവും കാണാം. കടൽപരപ്പിൽ സഞ്ചരിക്കാനുതകുന്ന, വിരലുകൾ ചർമത്താൽ ബന്ധിതമായതാണ് കാൽപാദങ്ങൾ. നന്നായി പറക്കാൻ കഴിവുണ്ട്. ഒന്നര കിലോ തൂക്കം വരുന്ന പക്ഷി ചിറകുവിടർത്തിയാൽ ഒരു മീറ്ററോളം വരും. പ്രജനനകാലത്തുപോലും ഇവ കരയെ ആശ്രയിക്കാറില്ല. കടൽ ദ്വീപുകളെയാണ് ഇവ അതിനായി തെരഞ്ഞെടുക്കുന്നത്. രണ്ട് മുട്ടകളിടും. ആദ്യം വിരിയുന്ന കുഞ്ഞ് രണ്ടാമത്തേത്തിനെ കൊന്നുകളയും. അതുകൊണ്ടുതന്നെ ഒരു കുഞ്ഞുമാത്രമാണ് കൂടുകളിൽ ഉണ്ടാവുക. ബൂബി വിഭാഗത്തിലെ ആറിനം പറവകളിൽ ഏറ്റവും വലിയ ഈ കടൽപക്ഷിക്ക് പ്രിയം മത്തിയും പുഴമത്സ്യങ്ങളും തന്നെ. ആരോഗ്യം വീണ്ടെടുത്ത് കടൽപക്ഷിക്ക് കടലോരം വിട്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ. പടം: ksg TKP_Masked Ganet ബീച്ചാര കടപ്പുറത്ത് നാട്ടുകാരുടെ സംരക്ഷണയിൽ കഴിയുന്ന മാസ്ക്ഡ് ഗാനറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story