യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും വനിത നേതാക്കൾ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു. മൂന്ന് വനിത പൊലീസുകാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ നേർക്കുനേർ നിലയുറപ്പിച്ചത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സംസ്ഥാന നേതാവ് റിജിൻ മാക്കുറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിൽനിന്നാണ് നൂറോളം വരുന്ന പ്രവർത്തകർ കലക്ടറേറ്റിനു മുന്നിൽ പ്രകടനമായെത്തിയത്. ബാരിക്കേഡ് മറികടന്ന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ, പ്രവർത്തകർ ചിലർ നിലത്തു വീണു. വീഴ്ചയിൽ ജില്ല സെക്രട്ടറി ജീനയുടെ കണ്ണിന് പരിക്കേറ്റു. ഇതിനിടെ, ജലപീരങ്കി വാഹനത്തിൽ തള്ളിക്കയറിയ ചിലരെ പൊലീസ് വലിച്ചിറക്കി.
തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. ചെറുത്തുനിൽപുമായി പ്രതിഷേധക്കാരും നിലകൊണ്ടു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമായി. ഏതാനും പ്രവർത്തകരെ പൊലീസ് വാഹനത്തിലേക്ക് ബലംപ്രയോഗിച്ച് കയറ്റി. റോഡിലെ ബാരിക്കേഡുകളെല്ലാം സമരക്കാർ മറിച്ചിട്ടു. അറസ്റ്റ് ചെയ്തവരുമായി പുറപ്പെടാനിരുന്ന വാഹനം തടയാനായി പ്രവർത്തകരും ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ഇതിനിടെ നിലത്തുവീണ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്റെ തലമുടി പൊലീസ് ചവിട്ടിപ്പിടിച്ചു.
ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വനിത പൊലീസ് ഇവരുടെ വസ്ത്രവും വലിച്ചുകീറി.പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മഹിത മോഹൻ, ജില്ല സെക്രട്ടറി ജീന, റിയ നാരായണൺ, കുന്നോത്ത്പറമ്പ് മണ്ഡലം പ്രസിഡന്റ് സനിൽ, കെ.എസ്.യു മുണ്ടേരി മണ്ഡലം പ്രസിഡന്റ് പ്രകീർത്ത് മുണ്ടേരി, സനൂബ് എന്നിവരെ കണ്ണൂരിലും തലശ്ശേരിയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പിങ്ക് പൊലീസുകാരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അസി. കമീഷണർ ടി.കെ. രത്നാകരന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 30 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.