'പിണറായി വക കമ്യൂണിസ്റ്റ് പാഠശാല' ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്; കണ്ണൂർ സർവകലാശാല മാർച്ചിന് നേരെ ജലപീരങ്കി, സംഘർഷം
text_fieldsകണ്ണൂർ സർവകലാശാല നെയിംബോർഡിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച 'കമ്യൂണിസ്റ്റ് പഠനശാല' ബാനർ
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പദവി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ യൂനിവേഴ്സിറ്റി മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാല നെയിംബോർഡിൽ പ്രതിഷേധക്കാർ 'പിണറായി വക കമ്യൂണിസ്റ്റ് പാഠശാല' എന്ന ബോർഡ് സ്ഥാപിച്ചു.
ചൊവ്വാഴ്ച രാവിലെ 11.40ന് പ്രതിഷേധ മാർച്ച് യൂനിവേഴ്സിറ്റി ഗേറ്റിന് മുന്നിൽ എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് മൂന്നുതവണ ജല പീരങ്കി പ്രയോഗിച്ചു. മാർച്ചിന് നേതാക്കളായ റിജിൽ മാക്കുറ്റി, സുധീപ് ജയിംസ് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. വൈസ്ചാൻസലർ പദവി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ചത് തിങ്കളാഴ്ച വൈസ് ചാൻസലറുടെ വസതിയിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപ്പന്തവുമായി നൈറ്റ് മാർച്ച് നടത്തിയിരുന്നു. പന്തവുമായി വീട്ടിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച പ്രവർത്തകരെ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ഇടപെട്ട് തടയുകയായിരുന്നു.