യൂത്ത് കോൺഗ്രസ് ജില്ല സംഘടന തെരഞ്ഞെടുപ്പ്: സുധാകര ഗ്രൂപ്പിന് തിരിച്ചടി; എ ഗ്രൂപ്പിന് അട്ടിമറി ജയം
text_fieldsകണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഗ്രൂപ്പിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥി ഫര്സീന് മജീദിനെ എ ഗ്രൂപ്പിന്റെ വിജില്‍ മോഹന്‍ പരാജയപ്പെടുത്തി. ഇതോടെ ജില്ല പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ് പിടിച്ചെടുത്തു. വിജില്‍ മോഹന്‍ 7822 വോട്ട് കരസ്ഥമാക്കിയപ്പോള്‍ ഫര്സീന് ലഭിച്ചതാകട്ടെ 7165 വോട്ടും. നിലവില്‍ ശ്രീകണ്ഠാപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിജില്‍.
യു.പി സ്കൂള്‍ അധ്യാപകനായ ഫര്സീന് മുഖ്യമന്ത്രിയെ വിമാനത്തില്‍ കരിങ്കൊടി കാണിച്ച് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. പിന്നാലെയാണ് സംഘടന തെരഞ്ഞെടുപ്പില്‍ ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങുന്നത്.
ജില്ലയിലെ പാരമ്പര്യ ശക്തികളായ സുധാകര വിഭാഗത്തോടും എ ഗ്രൂപ്പിനോടും പടവെട്ടി സംസ്ഥാന വൈസ് പ്രസിഡന്റടക്കം മൂന്ന് സംസ്ഥാന ഭാരവാഹികളെ ജില്ലയില്‍നിന്ന് ജയിപ്പിക്കാൻ സജീവ് ജോസഫ് എം.എല്‍.എ നേതൃത്വം നല്കുന്ന കെ.സി വേണുഗോപാൽ വിഭാഗത്തിനും സാധിച്ചു. ഈ വിഭാഗത്തില്‍നിന്നും വി.കെ. ഷിബിന, സംസ്ഥാന വൈസ് പ്രസിഡന്റായും റോബര്‍ട്ട് വെള്ളാംവള്ളി, മുഹ്സിന് കാതിയോട് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയില്‍ സുധാകര വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ ഉളിക്കല്‍, കൊട്ടിയൂര്‍ അടക്കമുള്ള 14 ഓളം മണ്ഡലം കമ്മിറ്റികള്‍ നേരിട്ട് പിടിച്ചെടുത്ത സജീവ് ജോസഫ് വിഭാഗം ഏരുവേശി അടക്കമുള്ള അരഡസനോളം മണ്ഡലങ്ങളില്‍ വിജയിച്ചു. ജില്ല കമ്മിറ്റിയിലേക്ക് ഏഴുപേരെ ജയിപ്പിച്ചെടുത്ത് ശക്തി തെളിയിക്കാനും സാധിച്ചു.
കെ. സുധാകരന്റെ സ്വന്തം മണ്ഡലവും ഐ ഗ്രൂപ്പിന് ഏറ്റവും വളക്കുറുള്ള മണ്ണുമായ കണ്ണൂര്‍, അഴീക്കോട്, തലശേരി തുടങ്ങിയ മണ്ഡലങ്ങളിലുണ്ടായ കനത്ത വോട്ട് ചോർച്ചയാണ് തിരിച്ചടിക്ക് പ്രധാന കാരണം. സുധാകര വിഭാഗത്തിന് വലിയ സ്വാധീനമുള്ള അഴീക്കോട് മണ്ഡലത്തിലെ വളപട്ടണം മണ്ഡലത്തില്‍ ആകെ ഒരു വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുത്തപ്പോൾ എ ഗ്രൂപ്പിനെ തഴഞ്ഞതോടെ എ ഗ്രൂപ്പ് നേതാക്കൾ രാജിവെച്ചിരുന്നു. പിന്നാലെയാണ് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി എ ഗ്രൂപ്പ് ജില്ല പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

