യൂത്ത് കോൺഗ്രസ് കമീഷണർ ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsയൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചിൽ നേതാക്കൾക്കുനേരെ പൊലീസ് അതിക്രമം കാണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിനിടയിൽ താഴെവീണ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. സംഘർഷത്തിനിടയിലും പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റി. ഇത് തടയാൻ നേതാക്കൾ അടക്കം ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല.
പ്രവർത്തകരെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങിയ പൊലീസ് വാഹനത്തിനു മുന്നിൽ നേതാക്കളും മറ്റു പ്രവർത്തകരും നിലയുറപ്പിച്ചു. ഇവരെയും ബലം പ്രയോഗിച്ച് നീക്കിയാണ് അറസ്റ്റ് ചെയ്തവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അതിനുശേഷം നേതാക്കളും പ്രവർത്തകരും സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി പിരിഞ്ഞുപോയി.
രാവിലെ 11.30ന് ഡി.സി.സി ഓഫിസിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് ക്ലബിനും ടൗൺ സ്റ്റേഷനും മുന്നിലായാണ് ബാരിക്കേഡ് കെട്ടി തടഞ്ഞത്. മാർച്ച് തടഞ്ഞപ്പോൾ പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമൊന്നും ഉണ്ടായിരുന്നില്ല. ഇതുകാരണം സംഘർഷം ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. തുടർന്ന് ബാരിക്കേഡിന് പിറകിൽനിന്ന് പൊലീസ് പിന്നോട്ട് മാറി നിന്നു.
സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും കഴിയുന്നതുവരെ ഇതേ നിലതന്നെയായിരുന്നു. എന്നാൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടന പ്രസംഗം തുടങ്ങി അൽപം കഴിഞ്ഞതോടെ പ്രവർത്തകർ കൂട്ടത്തോടെ ബാരിക്കേഡിനുനേരെ തിരിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, ഡി.സി.സി ഉപാധ്യക്ഷൻ സുദീപ് ജയിംസ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ല വൈസ് പ്രസിഡന്റ് അശ്വിൻ സുധാകർ, കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. രാഹുൽ, ഷുഹൈബ് തലശ്ശേരി, രഗിൻ, സനീഷ് അടുവാപ്പുറം തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. മാർച്ചിന് കെ.പി.സി.സി മെംബർ റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, റോബർട്ട് വെള്ളാർവള്ളി, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, മിഥുൻ മാറോളി, ഐബിൻ ജേക്കബ്, എൻ. സൗമ്യ, നിധിൻ കോമത്ത്, പ്രിൻസ് ജോർജ്, നിധിൻ നടുവനാട്, രാഹുൽ ചേരുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

