വെട്ടുകത്തിയുമായി പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം
text_fieldsഅസീബ്
കണ്ണൂർ: ടൗൺ പൊലീസ് സ്റ്റേഷനിലെത്തി ലഹരിക്കടിമപ്പെട്ട യുവാവിന്റെ പരാക്രമം. ഞായറാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു വെട്ടുകത്തിയുമായി കക്കാട് അത്താഴക്കുന്ന് സ്വദേശി വി. അസീബ് (33) മദ്യലഹരിയിൽ എത്തിയത്. ബഹളം വെച്ച് സ്റ്റേഷനിലെത്തിയ യുവാവ് ഗ്ലാസുകൾ തകർക്കുകയും വെട്ടുകത്തി പൊലീസുകാർക്കുനേരെ വീശുകയും ചെയ്തു.
ഇതിനിടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. എ.എസ്.ഐ സുജിത്ത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ നവീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ഗ്ലാസ് തകർത്ത നിലയിൽ
ലഹരി ഉപയോഗിച്ച് വീട്ടിൽ വന്ന് ഉപദ്രവിക്കുന്ന അസീബിനെതിരെ കഴിഞ്ഞദിവസം മാതാവ് പരാതി നൽകിയിരുന്നു. വീട്ടിൽനിന്നുമാറി താമസിക്കാൻ പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. ഇതോടെ ശനിയാഴ്ച അത്താഴക്കുന്നിലെത്തി പൊലീസ് മാതാവിന് ആവശ്യമായ സഹായം നൽകി.
ഇതിന്റെ പ്രതികാരമായാണ് അസീബ് വെല്ലുവിളിച്ച് സ്റ്റേഷനിലെത്തി പരാക്രമം നടത്തിയത്. അസീബിനെ ടൗൺ എസ്.ഐ സി.എച്ച്. നസീബിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. വീട്ടിൽ മാതാവും അസീബും മാത്രമാണ് താമസമെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഞായറാഴ്ച രാത്രിതന്നെ ഹാജരാക്കി.