പിതാവിനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
text_fieldsപേരാവൂർ: പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെ (65) മകന് മാർട്ടിൻ ഫിലിപ് (31) ക്രൂരമായി ആക്രമിച്ചെന്നാണ് കേസ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഒന്നരയോടെ പാപ്പച്ചനെ മകൻ മാർട്ടിൻ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകർത്തു. വീട്ടുകാർതന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാപ്പച്ചന്റെ മറ്റൊരു മകൻ സന്തോഷിന്റെ പരാതിയിലാണ് പൊലീസ് മാർട്ടിനെ അറസ്റ്റ് ചെയ്തത്.
വിവരം അറിഞ്ഞെത്തിയ പേരാവൂർ പൊലീസ് പാപ്പച്ചനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നോക്കിയെങ്കിലും തനിക്ക് പരാതിയില്ലെന്നും ആരോഗ്യപ്രശ്നങ്ങളിലെന്നും പറഞ്ഞു. എന്നാല്‍, ദേഹത്ത് പരിക്കുകളുണ്ടായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
മാര്ട്ടിന് സ്ഥിരമായി മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കുന്നയാളാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. പേരാവൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.