എതിരേൽക്കാം നവവർഷത്തെ, പിന്നിട്ട നാളുകളിലൂടെ..
text_fieldsകണ്ണൂർ: കലണ്ടർ താളുകളിൽ ഒരു വർഷം കൂടി പിന്നിടുമ്പോൾ കണ്ണൂരിന്റെ ഓർമകളിൽ സംഭവങ്ങളും വിയോഗങ്ങളും നേട്ടങ്ങളും ഏറെ. തദ്ദേശ തെരഞ്ഞെടുപ്പിനും ഒട്ടേറെ പരിപാടികൾക്കും 2025 സാക്ഷ്യം വഹിച്ചു. പുതുവർഷത്തെ വരവേൽക്കുമ്പോൾ ഈ വർഷത്തെ പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
സൂപ്പർ ലീഗ് കേരള
ഒരു കാലത്ത് കേരള ഫുട്ബാളിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്ന കണ്ണൂരിൽ വീണ്ടും കാൽപന്ത് ആരവമെത്തിച്ച് സൂപ്പര്‍ ലീഗ് കേരള. കണ്ണൂർ മുനിസിപ്പൽ മൈതാനത്തിൽ നടന്ന മത്സരങ്ങളിൽ വൻ ജനപങ്കാളിത്തം. തൃശൂര്‍ മാജിക് എഫ്.സിയെ പരാജയപ്പെടുത്തി കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി മുത്തമിട്ടു.
ഒമ്പത് കണ്ണൂര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കിരീടം നേട്ടം. ഫെഡറേഷന് കപ്പ്, ഇ.കെ. നായനാര്‍ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ക്ക് സാക്ഷിയായ ജവഹര്‍ സ്റ്റേഡിയം സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിനും സാക്ഷിയായി. 25,550 ആരാധകരാണ് ഫൈനല്‍ കാണാൻ എത്തിയത്.
ഗോവിന്ദച്ചാമി ജയിൽചാട്ടം
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ചാടിയത് ഞെട്ടലുണ്ടാക്കി. പൊലീസും നാട്ടുകാരും നടത്തിയ വ്യാപക തിരച്ചിലിനിടെ കണ്ണൂർ നാഷനൽ സാമ്പ്ൾ സർവേ ഓഫിസിലെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പിടികൂടാനായെങ്കിലും ജയിലിലെ സുരക്ഷാ വീഴ്ച സർക്കാരിന് നാണക്കേടായി.
അതിവ സുരക്ഷ ബ്ലോക്കായ പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്. പൊലീസ്, ജയിൽ വകുപ്പ് അന്വേഷണത്തിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് റിട്ട. സി.എൻ. രാമചന്ദ്രൻ നായർ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നു.
തളിപ്പറമ്പിനെ വിഴുങ്ങിയ തീനാളങ്ങൾ
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വന്തീപ്പിടുത്തമുണ്ടായി. നാൽപതോളം സ്ഥാപനങ്ങൾ കത്തിനശിക്കുകയും 50 കോടി രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു. ഒക്ടോബർ ഒമ്പതിന് വൈകീട്ടാണ് തീപിടുത്തമുണ്ടായത്. കെ.വി. കോംപ്ലക്സ് എന്ന മൂന്നുനില കെട്ടിടത്തിൽ 112 കടകളാണ് കത്തിനശിച്ചത്. മണിക്കൂറുകള്‍ക്കൊടുവിലാണ് തീയണക്കാനായത്.
കെ.പി.സി.സി പ്രസിഡന്റ്
അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെ പുതിയ കെ.പി.സി.സി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ കെ. സുധാകരൻ എം.പിയെ കോൺഗ്രസ് പ്രവർത്തകസമിതിയിലേക്കും തെരഞ്ഞെടുത്തു.
പുതിയ നേതൃത്വം
തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്റായി ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റായി ടി. ഷബ്ന, കണ്ണൂർ കോര്പറേഷന് മേയറായി പി. ഇന്ദിര, ഡെപ്യൂട്ടി മേയറായി കെ.പി. താഹിർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കാട്ടാനക്കലിയിൽ പൊലിഞ്ഞത് രണ്ടു ജീവൻ
ആറളം ഫാമില്‍ ഫെബ്രുവരി 25ന് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദമ്പതികളായ വെള്ളി (80), ലീല (70) എന്നിവർ കൊല്ലപ്പെട്ടു. കശുവണ്ടി ശേഖരിക്കുന്നതിനിടെയായിരുന്നു സംഭവം.
രാജ്യസഭാ എം.പി
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. ഏഴു വര്‍ഷത്തോളം ഇന്ത്യക്കായി കളിച്ചു. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയായിരുന്ന ഫ്രെഡറിക് ബംഗളൂരുവിലാണ് മരിച്ചത്.
ഡോ. മേഴ്സി ഉമ്മന്‍
പാത്തോളജിസ്റ്റും ഉമ്മന്‍ കണ്ണാശുപത്രി പാര്‍ട്ണറും ഉത്തരമലബാറിലെ ആദ്യ സ്വകാര്യ രക്തബാങ്കായ സാറാ ബ്ലഡ് ബാങ്ക് സ്ഥാപകയുമായ ഡോ. മേഴ്സി ഉമ്മന്‍ നിര്യാതയായി
എ.കെ. രൈരു ഗോപാൽ
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ എന്ന് അറിയപ്പെട്ടിരുന്ന ജനകീയ ഡോക്ടർ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു.
കൂട്ട ആത്മഹത്യകൾ
ഡിസംബർ 22ന് പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. 26ന് കൂത്തുപറമ്പ് മൂര്യാട് ഒരു കുടുംബത്തിലെ മൂന്നുപേരും ജീവനൊടുക്കി. നിമിഷാനിവാസിൽ ഇ. കിഷൻ (20), മുത്തശ്ശി മൂര്യാട് ചമ്മാലിലെ വി.കെ. രജി, സഹോദരി വി.കെ. റോജ എന്നിവരാണ് മരിച്ചത്.
പി.എസ്.സി കോപ്പിയടി
പി.എസ്.സി കണ്ണൂരിൽ നടത്തിയ സെക്രട്ടറിയേറ്റ് ഓഫിസ് അസിസ്റ്റന്റ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി കണ്ടെത്തി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഅദ്, പരീക്ഷക്ക് സഹായിച്ച സുഹൃത്ത് എ. സബീൽ എന്നിവരാണ് പിടിയിലായത്. ഷർട്ടിൽ ഘടിപ്പിച്ച ചെറിയ കാമറയിലൂടെ ചോദ്യങ്ങൾ പകർത്തി പുറത്തേക്കയച്ച് ചെവിയിൽ ഘടിപ്പിച്ച ചെറിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു.
ബി.എല്‍.ഒ ആത്മഹത്യ
വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്കിടെ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് ആരോപണം.
പാലത്തായി കേസില്‍ ജീവപര്യന്തം
പാലത്തായിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് ജീവപര്യന്തം. തലശ്ശേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളെ സർവിസിൽനിന്ന് പുറത്താക്കുകയും കേസിന്റെ വേളയിൽ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൗൺസലർമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
- സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ
- രാജ്യത്ത് ആദ്യമായി ജലബജറ്റ് തയാറാക്കുന്ന കോര്‍പറേഷനായി കണ്ണൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

