ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീ ക്ലിനിക്കുകള്‍ക്ക് തുടക്കം
text_fieldsകണ്ണൂർ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന സ്ത്രീ ക്ലിനിക്കിൽനിന്ന്
കണ്ണൂർ: ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീ ക്ലിനിക്കുകള്‍ തുടങ്ങി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ ഒരുങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്ലിനിക്കുകൾ പ്രവർത്തിക്കും. ആഴ്ചയിൽ ഒരുദിവസം പി.എച്ച്.സി, എഫ്.എച്ച്.സി തലത്തിൽ പ്രത്യേക സ്പെഷാലിറ്റി ക്യാമ്പും സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്ക്രീനിങ് ക്യാമ്പുകള്‍, വിദഗ്ധ സ്പെഷലിസ്റ്റ് സേവനങ്ങള്‍ എന്നിവകൂടിയാണ് സ്ത്രീ ക്ലിനിക്കുകളിൽ ഒരുക്കിയിരിക്കുന്നത്.
വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, സ്തനാർബുദം, വായിലെ കാന്‍സര്‍ സ്ക്രീനിങ്, ക്ഷയം, തുടങ്ങിയവയും ശാരീരിക ആരോഗ്യ പരിശോധന, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ്, ഹീമോഗ്ലോബിൻ പരിശോധന, ആർത്തവ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ കാമ്പയിനിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

