നഗരസഭ കെട്ടിടത്തിൽനിന്നുവീണ് സ്ത്രീക്ക് പരിക്ക്
text_fieldsപരിക്കേറ്റ ലതിക
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ശൗചാലയത്തോട് ചേർന്ന് പൈപ്പ് കണക്ഷൻ കടന്നുപോകുന്ന ഹോളിൽ നിന്ന് താഴെ വീണ് തമിഴുനാട്ടുകാരിക്ക് പരിക്ക്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. ചെന്നൈ അയ്യപ്പാക്കര തമിഴ്നാട് ഹൗസിങ് ബോർഡ് ഫ്ലാറ്റിൽ താമസിക്കുന്ന ലതികക്കാണ് (59) പരിക്കേറ്റത്. കോംപ്ലക്സിലെ ശൗചാലയത്തിലെത്തിയതായിരുന്നു ഇവർ. ശൗചാലയമെന്ന് കരുതി തുറന്നിട്ട ഹോളിൽ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. വലതുകാലിനാണ് വീഴ്ചയിൽ പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് താഴെ വീണത്. ഹോളിൽനിന്ന് നിലവിളി കേട്ട് താഴെ നിലയിലുള്ള ആളുകൾ ഓടിയെത്തി വാതിൽ തുറന്നാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എല്ലിന് ക്ഷതമുള്ളതിനാൽ ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈയിലെ കുടുംബാംഗങ്ങൾക്കൊപ്പം കതിരൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. വൈകീട്ട് തലശ്ശേരി ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മൂത്രപ്പുരയുണ്ടോ എന്നന്വേഷിച്ചാണ് ലതിക കോംപ്ലക്സിന്റെ ഒന്നാം നിലയിലെത്തിയത്. സ്ത്രീകളുടെ ശൗചാലയത്തിൽ പ്രവേശിക്കുന്ന ഭാഗത്ത് ആദ്യത്തെ മുറിയിലാണ് പൈപ്പ് കണക്ഷനുള്ള ഹോൾ ഉള്ളത്. ഇത് തുറന്നിട്ട നിലയിലായിരുന്നു.
നഗരസഭയുടെ അനാസ്ഥ കാരണമാണ് സ്ത്രീ അപകടത്തിൽപെട്ടതെന്ന് പരിസരത്തെ വ്യാപാരികൾ ആരോപിച്ചു. കുടുംബാംഗങ്ങൾ കൂടെ ഉണ്ടായിരുന്നതിനാലാണ് സ്ത്രീക്ക് തക്കസമയത്ത് ചികിത്സ ലഭ്യമായത്.
അപകടങ്ങൾ തുടർക്കഥ
തലശ്ശേരി ടൗണിലെ നഗരസഭ ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ശൗചാലയമെന്ന് കരുതി പൈപ്പ് ലൈൻ കണക്ഷൻ കടന്നുപോകുന്ന ഹോളിൽനിന്ന് താഴെവീണ് സ്ത്രീകൾക്ക് പരിക്കേറ്റ സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് വീണ് പരിക്കേറ്റിരുന്നു. വാതിൽ താഴിട്ട് അടക്കാത്തതിനാലാണ് മുമ്പും സ്ത്രീകൾ അപകടത്തിൽപെട്ടത്. നഗരസഭാധികൃതരുടെ അനാസ്ഥക്കെതിരെ കേസ് കോടതിയിലെത്തിയിരുന്നു. ഒരു കേസിൽ നഗരസഭ നഷ്ടപരിഹാരം നൽകാനും വിധിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

