ആറളം ഫാമിൽ കാട്ടാന വീട് തകർത്തു
text_fieldsപേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10 ൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനും വീടിനും നേരേ കാട്ടാനയുടെ ആക്രമണം. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഓടിച്ചുവിട്ട ആനകൾ തിരികെ പുനരധിവാസ മേഖലയിൽ പ്രവേശിക്കാതിരിക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിരീക്ഷണം നടത്തിയിരുന്ന വനംവകുപ്പ് ജീവനക്കാരൻ ആനയുടെ ആക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വളയംചാൽ-താളിപ്പാറ റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു നേരേ വെള്ളിയാഴ്ച രാത്രി 12.30 നാണ് മോഴയാനയുടെ (ചെറിയ മോഴ) ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി ഈ മേഖലയിൽ നൈറ്റ് പട്രോളിങ് ചുമതലയിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് റേഞ്ചിലെ അഞ്ചംഗ സംഘം വാഹനം നിർത്തിയിട്ടു നിരീക്ഷണം നടത്തുകയായിരുന്നു. കൂടുതൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.ആർ. ദിപിൻ 10 മീറ്റർ ദൂരം മാറിയുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറി വനം മേഖലയിലേക്ക് നോക്കിയിരുന്നു.
ഈ സമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉണ്ടായിരുന്ന ദിപിനെ ലക്ഷ്യമിട്ടു മോഴയാന പാഞ്ഞടുക്കുകയും കാത്തിരിപ്പുകേന്ദ്രം തകർക്കുകയുമായിരുന്നു. മേച്ചിൽ ഷീറ്റ് വലിച്ചിട്ട ശേഷം നിലത്തു നാലു തവണ ആന ചവിട്ടി. പ്ലാസ്റ്റിക് ഷീറ്റിനടിയിൽ പെട്ട ദിപിന്റെ ദേഹത്തു ചവിട്ടു കൊള്ളാതിരുന്നതാണ് രക്ഷയായത്. മോഴയാനയുടെ ആക്രമണം കണ്ട ഉടൻ സമീപം നിർത്തിയിട്ടിരുന്ന വനം വകുപ്പ് വാഹനം സ്റ്റാർട്ടാക്കി ഇരപ്പിച്ചും ബഹളംവെച്ചും മറ്റും ആനയെ അകറ്റി.
ഇവിടെ നിന്നു ഓടിപ്പോകുന്നതിനിടെയാണ് പ്ലോട്ട് നമ്പർ 425 ലെ ഓമനയുടെ വീട് ആന തകർത്തത്. ഭർത്താവ് വെള്ളി മരിച്ചതിനെ തുടർന്നു ഓമനയും കുടുംബവും ഇവിടെ താമസം ഇല്ല. ജനൽ ഇടിച്ചു തകർത്ത നിലയിലാണ്. വീടിനുള്ളിൽ ശേഖരിച്ചുവെച്ച കശുവണ്ടി ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നു കരുതുന്നു. പിന്നാലെ എത്തിയ വനം വകുപ്പ് സംഘം ഇവിടെ നിന്നു തുരത്തി ആനയെ വന്യജീവി സങ്കേതത്തിലേക്കു തന്നെ ഓടിച്ചു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

