പേരട്ടയിൽ വീട്ടുമുറ്റത്ത് വീണ്ടും കാട്ടാന
text_fieldsഇരിട്ടി: കേരള കർണാടക അതിർത്തി ഗ്രാമമായ പേരട്ട കാട്ടാന ഭീതിയിൽ. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിൽനിന്ന് എത്തിയ കാട്ടാന തുടർച്ചയായി മേഖലയിൽ നാശം വിതക്കുകയാണ്. രണ്ടാഴ്ചയായി ഒറ്റയാൻ കൊമ്പൻ വനാതിർത്തി മേഖലയിലും ജനവാസ മേഖലയിലുമായി ചുറ്റിത്തിരിയുന്നു. ചൊവ്വാഴ്ച പുലർച്ചെ പേരട്ട സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞുകൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും എത്തിയ കൊമ്പൻ, വാഴ ഉൾപ്പെടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പുലർച്ചെ ഒന്നോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. ആന എത്തിയത് സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നിടത്താണ്.
കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക വനം വകുപ്പും പറയുന്നത്. ഇതിൽപെട്ട ആനയാണ് കൂട്ടംതെറ്റി ജനവാസ മേഖലയിൽ എത്തിയതെന്നാണ് വനം വകുപ്പ് അധികൃതർ സംശയിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്ന് കേരള അതിർത്തിയിൽ 400 മീറ്റർ ഭാഗമാണ് സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ളത്. പ്രതിരോധ മാർഗങ്ങൾ ഒന്നുമില്ലാത്ത ഭാഗങ്ങളിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആറളം ബ്ലോക്ക് 11ൽ കൈതകൊല്ലിയിൽ സുമ ചന്ദ്രന്റെ പറമ്പിലെ തെങ്ങുകൾ കാട്ടാന കുത്തിവീഴ്ത്തി. ബ്ലോക്ക് 10ൽ കഴിഞ്ഞ ദിവസം വെള്ളം ശേഖരിക്കാൻ പോയ ദമ്പതിമാരെ കാട്ടാന ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലോക്ക് 11ൽ വീണ്ടും കാട്ടാനയുടെ പരാക്രമം. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ ആദിവാസികൾ ഭയപ്പാടോടെയാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

