കാട്ടാന തുരത്തൽ യജ്ഞം; 22 ആനകളെ തുരത്തി
text_fieldsആറളം ഫാമിൽനിന്ന് കാട്ടാനകളെ തുരത്തുന്നു
കേളകം: ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽനിന്ന് ഒരു കുട്ടിയാനയടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽനിന്ന് മൂന്ന് കുട്ടിയാനയും ഒരു കൊമ്പനുമടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി. ആകെ 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക് കയറ്റിയത്. ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്റ്റർമാരായ സി.കെ. മഹേഷ്, ടി. പ്രമോദ്കുമാർ, സി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.
ആറളത്ത് സൗരോർജ തൂക്കുവേലി ആദ്യഘട്ടം പൂർത്തിയായി
ആറളത്ത് ആനമതിൽ പണി തീരില്ലെന്ന് നേരത്തേ വിലയിരുത്തിയ ദൂരം കണക്കാക്കി അനർട്ടിന്റെ നേതൃത്വത്തിൽ തുടങ്ങിയ സോളർ തൂക്കുവേലി നിർമാണം ആദ്യഘട്ടം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളർ തൂക്കുവേലി നിർമിക്കുന്നത്.
ജില്ല പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ ദൂരം നടത്തുന്ന പ്രവൃത്തിയാണ് പൂർത്തിയായത്. വൈദ്യുതി കടത്തി വിടുകയും ചെയ്തു. ഇപ്പോൾ തൂക്കുവേലി പൂർത്തിയാക്കിയ ബ്ലോക്ക് ഒമ്പതിലെ കോട്ടപ്പാറ, താളിപ്പാറ വഴിയാണ് വനത്തിലേക്ക് തുരത്തുന്ന ആനകൾ കൂടുതലായും ഫാമിൽ തിരിച്ചെത്തിയിരുന്നത്. തൂക്കുവേലി ചാർജ് ചെയ്തതിനാൽ ഇനി കുറയും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചു രണ്ടാം ഘട്ടത്തിൽ പെടുത്തിയ 1.6 കിലോമീറ്റർ പ്രവൃത്തി ഉടൻ നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

