ആറളം ഫാമിലെ വൈദ്യുതി തൂക്കുവേലി കാട്ടാന തകർത്തു
text_fieldsപേരാവൂർ: ലക്ഷങ്ങൾ മുടക്കി ആറളം ഫാമിലെ കൃഷിയിടത്തെ കാട്ടാനകൾ നിന്നും രക്ഷപ്പെടുത്താൻ സ്ഥാപിച്ച വൈദ്യുതി തൂക്കുവേലി കാട്ടാനക്കൂട്ടം വ്യാപകമായി തകർത്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ദിവസങ്ങളിലായാണ് ആനക്കൂട്ടം വേലി തകർത്തത്. പാലപ്പുഴയിൽനിന്ന് കീഴ്പ്പള്ളിയിലേക്ക് പോകുന്ന റോഡിനോടു ചേർന്ന് ഫാമിന്റെ രണ്ടാം ബ്ലോക്കിന് സംരക്ഷണം തീർക്കാൻ സ്ഥാപിച്ച വേലിയാണ് ആനക്കൂട്ടം തകർത്തത്. കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി ഫാമിൽ നടപ്പിലാക്കിവരുന്ന കൃഷി സംരക്ഷണത്തിന്റെ ഭാഗമായാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. 20 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ഫാമിൽ നിന്നും പുനരധിവാസ മേഖലയിൽനിന്നും കഴിഞ്ഞ ദിവസങ്ങളിലായി എഴുപതോളം കാട്ടാനകളെ വനത്തിലേക്ക് തുരത്തിയെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും മേഖലയിൽ ആന ശല്യത്തിന് ഒരറുതിയും ഉണ്ടായിട്ടില്ല. കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളികൾ ഉൾപ്പെടെ ഫാമിലെ തൊഴിലാളികൾ എല്ലാം ഭീതിയോടെയാണ് തൊഴിലെടുക്കുന്നത്.
ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി 30ഓളം കാട്ടാനകളുണ്ടെന്നാണ് പറയപ്പെടുന്നത്. ആനമതിൽ പൂർത്തിയാകുന്നതിന് മുമ്പ് ഇവയെയും കൂടി വനത്തിലേക്ക് തുരത്തിയാൽ മാത്രമെ ആറളം ഫാമിനെ രക്ഷിക്കാനാകൂ. ഈ വർഷം കശുവണ്ടി സീസൺ കൂടി പ്രതിസന്ധിയുണ്ടാക്കിയതോടെ ഫാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
അഞ്ചുമാസത്തെ ശബളം കുടിശ്ശികയാണ്. തൊഴിലാളികളുടെ പി.എഫ് ഉൾപ്പെടെ മൂന്നു വർഷമായി അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്കും ആനുകൂല്യങ്ങളും വിതരണം ചെയ്യാനുണ്ട്. കാട്ടാനശല്യം മൂലം കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് ഫാം പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

