കാട്ടുപന്നി ശല്യം; അയ്യൻകുന്നിൽ നടപടി ശക്തമാക്കി
text_fieldsഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരുടെ യോഗം വിളിച്ചു.
കാട്ടുപന്നി ശല്യം കുറക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു യോഗം. കഴിഞ്ഞ ദിവസം ആറളം പഞ്ചായത്തിൽ വീട്ടിനടുത്ത് കൃഷിയിടത്തിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ സഹകരണത്തോടെ പന്നികൾക്കെതിരെയുള്ള നടപടി കടുപ്പിക്കാനുള്ള നടപടി.
പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ 13 പേർ യോഗത്തിൽ പങ്കെടുത്തു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനും ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവയെ നിയമാനുസൃതം സംസ്കരിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, സ്ഥിരംസമിതി ചെയർമാൻമാരായ മേരി റെജി, ജോസു കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, അംഗങ്ങളായ ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ഷിൻ ജോസഫ്, ബിജു ജോസഫ്, ബിന്ദു ഷാജി, റീന ബോബി, ഷമീന ബാബു, എം. രാജേഷ്, ലൈലാമ്മ മാത്യു, അനുപമ, പഞ്ചായത്ത് സെക്രട്ടറി വി. അശ്വിൻ , സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

