കോടിയേരിയിൽ ഭീഷണിയായി കാട്ടുപന്നികൾ
text_fieldsതലശ്ശേരി: കോടിയേരി മേഖലയിൽ കാട്ടുപന്നികളുടെ ശല്യം വ്യാപകം. അന്തോളി മലയിലൂടെ എത്തുന്ന കാട്ടുപന്നികൾ താഴ്വാരത്തിലിറങ്ങി പെരിങ്കളം വയൽ, ചിള്ളക്കര, ആറ്റുപുറം ഭാഗങ്ങളിൽ വ്യാപകമായി കൃഷികൾ നശിപ്പിക്കുകയാണ്. ആക്രമണകാരികളായ ഇവ പ്രദേശവാസികളുടെ സഞ്ചാരത്തിനും ഭീഷണിയായി മാറുകയാണ്. ഇത് സംബന്ധിച്ച് നഗരസഭ അംഗങ്ങൾ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ചെയർമാന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
മനുഷ്യജീവന് വെല്ലുവിളി ഉയർത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനാണ് തീരുമാനം. ഇതിനായി പിണറായി പഞ്ചായത്തിലുള്ള ഷൂട്ടർമാരുടെ സഹായം തേടും. വെടിവെക്കാനുള്ള ഉത്തരവ് നഗരസഭ ചെയർപേഴ്സനും നഗരസഭ സെക്രട്ടറിക്കും നൽകാം.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽനിന്ന് നഗരസഭ അധികൃതർക്ക് ഇക്കാര്യത്തിൽ നിർദേശം ലഭിച്ചു. പ്രശ്നത്തിൽ ഉടൻ നടപടി വേണമെന്ന് വാർഡ് കൗൺസിലർ സി. സോമന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പന്നിക്കൂട്ടങ്ങളെ വെടിവെച്ചു കൊല്ലാമെന്ന് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം സെക്ഷനിൽ ഉണ്ടെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റരെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഹെൽത്ത് സൂപർവൈസർ നഗരസഭ യോഗത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാട്ടുപന്നികളെ വെടിവെക്കാൻ പിണറായി പഞ്ചായത്തിന്റെ സഹായം തേടിയത്. ഭീഷണിയായ 10 കാട്ടുപന്നികളെ ആഴ്ചകൾക്ക് മുമ്പും രണ്ടെണ്ണത്തിനെ കഴിഞ്ഞ ദിവസവും വെടിവച്ച് കൊന്നിരുന്നു.
25 ഓളം കാട്ടുപന്നികളാണ് കുട്ടി മാക്കൂലിനടുത്ത അന്തോളി മലയിറങ്ങി വന്ന് രാപകൽ താഴ് വാരങ്ങളിൽ ഭീതി പരത്തുന്നത്. പന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ അംഗം അഡ്വ.കെ.എം. ശ്രീശനും നഗരസഭ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

