വന്യജീവി ആക്രമണം; ഹെൽപ് ഡെസ്കുകളിൽ പരാതി പ്രവാഹം
text_fieldsകേളകം: വന്യജീവി ശല്യം തടയുന്നതിന് വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വന്യജീവി ശല്യം നേരിടുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹെൽപ്പ് ഡെസ്കൂകളിൽ പരാതികളുടെ പ്രവാഹം. വിവിധ കേന്ദ്രങ്ങളിലായി കഴിഞ്ഞ ദിവസമെത്തിയത് ഇരുനൂറിലേറെ പരാതികൾ. കാട്ടുപന്നി, കുരങ്ങ് ശല്യങ്ങളെക്കുറിച്ചാണ് അധിക പരാതികളും. എന്നാൽ, കാട്ടാന, കടുവ, പുലി, മരപ്പട്ടി, മലയണ്ണാൻ എന്നിവയുടെ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതികളുമുണ്ട്. കേരള വനംവകുപ്പ് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 30 വരെയാണ് നടത്തുന്നത്.
പഞ്ചായത്ത് ഓഫിസുകളിലും റേഞ്ച് ഓഫിസുകളിലും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളിലൂടെ പൊതുജനങ്ങളിൽനിന്നും പരാതികളും നിർദേശങ്ങളും സ്വീകരിക്കുകയും വിവിധ ഘട്ടങ്ങളിലായി പരിഹരിക്കുന്നതുമാണ് ലക്ഷ്യം.വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്കുകളിലെത്തുന്ന കുരങ്ങ്, കാട്ടുപന്നി ശല്യത്തെക്കുറിച്ചുള്ള പരാതികളിൽ വനംവകുപ്പിന് കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നതാണ് അവസ്ഥ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയതിനാൽ ഇത്തരം പരാതികൾ പഞ്ചായത്തുകൾക്ക് കൈമാറുകയാണ് ചെയ്യുക. കുരങ്ങുകൾ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയായതിനാൽ ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെ തട്ടിൽ പരിഹാരം നിർദേശിക്കാനും വകുപ്പിനാവില്ല. കുരങ്ങുകളെ കൂട് വെച്ച് പിടിച്ച് വനമേഖലയിലേക്ക് വിടുക മാത്രമാണ് വനം വകുപ്പിന്റെ മുന്നിൽ ഇപ്പോഴുള്ള പോംവഴി. ഇത് ബുദ്ധിമുട്ടേറിയതും ചെലവ് കൂടിയതുമാണ്.
വന്യജീവി സംഘർഷം പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി 45 ദിവസം നീളുന്ന ഒരു തീവ്രയജ്ഞ പരിപാടിയെന്ന നിലയിലാണ് ഹെൽപ്പ് ഡെസ് ക് തുടങ്ങിയത്. ജില്ലയിൽ 13 ഹെൽപ്പ് ഡെസ്കുകളാണ് പ്രവർത്തിക്കുന്നത്. കൊട്ടിയൂർ റെയിഞ്ചിന് കീഴിൽ നാലും തളിപ്പറമ്പ് റെയിഞ്ചിൽ അഞ്ചും കണ്ണവത്ത് നാലും ആറളത്ത് ഒന്നുമാണ് ഉള്ളത്. വന്യജീവി സംഘർഷം രൂക്ഷമായ അയ്യൻകുന്ന്, കൊട്ടിയൂർ, കണിച്ചാർ, കേളകം, ആറളം, കോളയാട്, ചിറ്റാരിപ്പറമ്പ, തൃപ്പങ്ങോട്ടൂർ, പാട്യം, ചെറുപുഴ, ഉദയഗിരി, നടുവിൽ, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലാണ് ഹെൽപ്പ് ഡെസ് ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചും മറ്റുള്ള പരാതികളിൽ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാനും താഴെ തട്ടിൽ തീർപ്പാകാതെ കിടക്കുന്ന പരാതികൾ ഡിവിഷൻ തലത്തിലും മന്ത്രിതലത്തിലും പരിഗണിക്കപ്പെടുമെന്ന പ്രത്യേകതയും ഉണ്ട്. കൊട്ടിയൂരിൽ 10 പരാതികളടക്കം ലഭിച്ച പരാതികൾ പരിഹരിച്ച് തുടങ്ങിയതായി വനം അധികൃതർ അറിയിച്ചു.
ജില്ലയിൽ ഡി.എഫ്.ഒ ജോസ് മാത്യു, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ ഏകോപനത്തിൽ റേഞ്ചർമാരായ സുധീർ നെരോത്ത് (കണ്ണവം), ടി. നിധിൻരാജ് (കൊട്ടിയൂർ), സനൂപ് കൃഷ്ണൻ (തളിപ്പറമ്പ്), രമ്യ രാഘവൻ (വളയംചാൽ) എന്നിവരാണ് ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

