എടപ്പുഴയിൽ രണ്ടാം ദിവസവും കാട്ടാനവ്യാപക കൃഷിനാശം
text_fieldsജനവാസ മേഖലയിൽ എത്തിയ കാട്ടാന കൃഷി നശിപ്പിച്ച നിലയിൽ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ സെന്റ് ജോസഫ് പള്ളിക്ക് സമീപം തുടർച്ചയായ രണ്ടാം ദിവസവും കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം. ബുധനാഴ്ച പുലർച്ചെയോടെയാണ് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. എടപ്പുഴ പള്ളി, വെളിയത്ത് സിബി, കാപ്പുങ്കൽ സജി തുടങ്ങിയവരുടെ തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു. പള്ളിയുടെ പിൻവശത്ത് സിമിത്തേരിയോട് ചേർന്ന പ്രദേശത്തെ 30ൽ അധികം വാഴകളാണ് ആന നശിപ്പിച്ചത്.
എടപ്പുഴ വാളത്തോട് മെയിൻ റോഡിൽ എത്തിയ ആന വെളിയത്ത് സിബിയുടെ തെങ്ങ് നശിപ്പിച്ചു. പുലർച്ചവരെ മേഖലയിൽ തമ്പടിച്ച ആന നേരം വെളുത്തതോടെയാണ് തിരികെ പോയത്. പുലർച്ചെ നിരവധി ടാപ്പിങ് തൊഴിലാളികൾ കടന്നുപോകുന്ന വഴിയിലാണ് ആന എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ മഴ പെയ്തതുകൊണ്ട് ടാപ്പിങ് തൊഴിലാളികൾ ജോലിക്ക് പോകാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്ന് നാട്ടുകാർ പറയുന്നു.
ആഴ്ചകളായി ആനക്കൂട്ടം പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നതായും ആനകളെ ഭയന്ന് കുന്നിന്റെ മുകൾ ഭാഗത്തെ കൃഷിനാശം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ആറളം ഫാമിൽ ആനകളെ തുരത്താൻ ആരംഭിച്ചതോടെ പ്രദേശത്ത് ആനകളുടെ സാന്നിധ്യം അധികമാണ് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുനിൽകുമാറും സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ പരിശോധിച്ചു. ആറളം ഫാമിൽനിന്നും തുരത്തുന്ന ആനകൾ മറ്റൊരു വഴിയിലൂടെ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടത്തിലും പ്രവേശിക്കുകയാണ്. കഴിഞ്ഞദിവസം പാലത്തുംകടവിൽ ബാരാപോൾ പുഴകടന്ന് എത്തിയ ആനക്കൂട്ടം വ്യാപകനാശം ഉണ്ടാക്കിയിരുന്നു. കണാടക ബ്രഹ്മഗിരി വനമേഖലയിൽ നിന്നുള്ള ആനക്കൂട്ടമാണ് പഞ്ചായത്തിലെ ബാരാപോൾ പാലത്തുംകടവ് ഭാഗങ്ങളിൽ എത്തുന്നത്.
ബാരാപോൾ മുതൽ പാലത്തുംകടവ് വരെ പുഴയോട് ചേർന്ന ഒന്നര കിലോമീറ്റർ ഭാഗത്ത് സോളാർ വേലി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് പണം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവ്യത്തി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വളവുപാറ മുതൽ ബാരാപോൾ വരെയുളള പുഴയോര മേഖലകളിൽ സോളാർ വേലിയുടെ നിർമാണം പൂർത്തിയായതിനാൽ ബാരാപോൾ മുതൽ പാലത്തുംകടവ് വരെയുളള ഭാഗങ്ങളിലേക്കാണ് ആനകൾ കൂട്ടമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

