ആറളം ഫാമിലെ കർഷകരുടെ രോദനം ആരറിയുന്നു
text_fieldsകേളകം: കൃഷിചെയ്യാൻ കർഷകർ. വിളവെടുക്കാൻ കാട്ടാനകളോ? ആറളം ഫാമിലെ കർഷകരുടെ ദുർവിധിയാണിത്. ആറളം ഫാം 13ാം ബ്ലോക്കിൽ ആദിവാസി സ്വയം സഹായ സംഘം അംഗങ്ങളായ കർഷകർ കൃഷിചെയ്ത വാഴകൾ കാട്ടാനക്കൂട്ടം പൂർണമായി നശിപ്പിച്ചു. കുല വെട്ടാറായ 200ൽ അധികം വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ഇവിടെ കാട്ടാന കൃഷി നശിപ്പിക്കുന്നത്. വാഴ മുളച്ച് പൊന്തിയപ്പോൾ മുതൽ കാട്ടാനകളുടെ വിളയാട്ടം ഉണ്ടായി.
കർഷകർ ആഗ്രഹിച്ച്, കൃഷിചെയ്ത് ഉണ്ടാക്കുന്ന വിളകൾ കാട്ടാനകളും കാട്ടുപന്നികളും കൊണ്ടുപോകുന്നത് നിത്യസംഭവമായി മാറുകയാണിവിടെ. 13ാം ബ്ലോക്കിലെ ശാന്തയും ശശിയും ചന്ദ്രനും രാമനും കമലയും ചോര നീരാക്കി അധ്വാനിച്ച് ഉറക്കമില്ലാതെ കാവൽനിന്നും സംരക്ഷിച്ച് വളർത്തിയ വാഴകളാണ് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാനകൾ നശിപ്പിച്ചത്. നാല് കാട്ടാനകൾ ഉണ്ടായിരുന്നെന്നും ഒച്ചവെച്ചിട്ടും പടക്കം പൊട്ടിച്ചിട്ടും ആനകൾ പോയില്ലെന്നും ഇവർ പറയുന്നു. ഒന്നര ലക്ഷം രൂപ കടമെടുത്താണ് രണ്ടര ഏക്കർ സ്ഥലത്ത് കൃഷിചെയ്തതെന്ന് കർഷകരിൽ ഒരാളായ ശശി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും എത്തിയില്ലെന്ന് പരാതിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, മെംബർമാരായ ഇ.സി. രാജു, ജോസഫ് അന്ത്യാകുളം, വത്സ ജോസ്, വാർഡ് മെംബർ മിനി ദിനേശൻ, കെ.ബി. ഉത്തമൻ, പി.കെ. രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.