അസ്ബാക്മോന് സംഭവിച്ചതെന്ത്; ദുരൂഹത നീക്കാൻ പൊലീസ്
text_fieldsകണ്ണൂർ: മലയാളി ബൈക്ക് റേസിങ് താരം ന്യൂ മാഹി മാങ്ങാട് കക്രൻറവിട അസ്ബാക്മോനെ (35) രാജസ്ഥാനിലെ ജയ്സാൽമറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. കേസിൽ രണ്ടുപേർ അറസ്റ്റിലായെങ്കിലും സംഭവത്തിൽ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. 2018 ആഗസ്റ്റ് 16നാണ് മോട്ടോർ ബൈക്ക് റാലി പരിശീലനത്തിനിടെ ജയ്സാൽമറിൽ അസ്ബാക്മോനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെയാണ് ജയ്സാൽമർ പൊലീസ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ അറസ്റ്റുചെയ്തത്. അസ്ബാക്മോെൻറ ഭാര്യ സുമേറ പർവസും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കൊല ആസൂത്രണം ചെയ്തുവെന്നാണ് ജയ്സാൽമർ എസ്.പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് നൽകിയ സൂചന അനുസരിച്ച് കേസിൽ കൂടുതൽ പ്രതികളുണ്ട്.
മരണത്തിൽ അസ്വാഭാവികതയില്ലെന്നും പരാതിയില്ലെന്നും ഭാര്യ സുമേറ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്ന് കൂടുതൽ അന്വേഷണത്തിന് മുതിർന്നിരുന്നില്ല. കൂടാതെ മൃതദേഹം അവിടെ വെച്ചുതന്നെ ഖബറടക്കി. എന്നാൽ, അസ്ബാക്മോെൻറ കുടുംബത്തിന് മരണത്തിൽ ആദ്യമേ സംശയം തോന്നിയിരുന്നു. സഹോദരൻ ബംഗളൂരുവിൽ ബിസിനസ് ചെയ്യുന്ന അർഷാദ്, സംഭവത്തിൽ കൂടുതൽ തുമ്പുണ്ടാക്കാൻ ശ്രമിച്ചതിെൻറ ഫലമാണ് കേസിൽ ഇപ്പോൾ രണ്ടുപേർ പിടിയിലാകാൻ കാരണം.
സുമേറയുടെയും അസ്ബാക്മോെൻറ സുഹൃത്തുക്കളുടെയും പെരുമാറ്റത്തിലെ സംശയമാണ് സഹോദരെൻറ മരണത്തിൽ അർഷാദിന് ദൂരൂഹത ജനിപ്പിക്കാൻ കാരണം. ഇതേത്തുടർന്ന് 2020 ഡിസംബറിൽ അർഷാദ് പൊലീസിൽ പരാതി നൽകി. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയിൽ ഒറ്റപ്പെട്ട് നിർജലീകരണം സംഭവിച്ച് മരിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മൃതദേഹത്തിലെ പരിക്കുകളും ബൈക്ക് സുരക്ഷിതമായി പാർക്ക് ചെയ്തതും കൂടുതൽ സംശയം ജനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
തിരയുന്നത് മൂന്നുപേരെ
കേസിൽ ജയ്സാൽമർ പൊലീസ് ഇനി തിരയുന്നത് മൂന്നുപേരെയാണ്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന അസ്ബാക്മോെൻറ സുഹൃത്തുക്കളായ സാബിക്ക്, നീരജ്, സന്തോഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതെന്ന് ജയ്സാൽമർ പൊലീസ് അറിയിച്ചു. റേസിങ് ടീമിെൻറ നായകനായിരുന്നു അസ്ബാക്മോൻ. മികച്ച റൈഡറായ ഇയാൾ വഴിതെറ്റി മരൂഭൂമിയിലെത്തി എന്ന ഭാര്യയുടെയും സുഹൃത്തുക്കളുടെയും മൊഴി കുടുംബത്തിന് അവിശ്വസനീയമായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് സൃഹുത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തുടർന്നാണ് രണ്ടുപേർ അറസ്റ്റിലാകുന്നതും.