കണ്ണൂർ റെയിൽവേ സ്റ്റേഷൻ സബ് വേയിൽ വെള്ളക്കെട്ട്
text_fieldsകണ്ണൂർ റെയിൽവെ ഫ്ലാറ്റ്ഫോമിലെ അടിപ്പാതയിൽ വെള്ളം
കയറിയനിലയിൽ
കണ്ണൂർ: കനത്തമഴയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സബ് വേയിൽ വെള്ളക്കെട്ട് രൂക്ഷം. ഒന്നിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിലേക്കെത്തുന്ന സബ് വേയിലാണ് ഒരുമീറ്ററോളം വെള്ളം ഉയർന്നത്.
മഴ കനക്കുന്നതോടെ സബ് വേയിൽ വെള്ളമുയരുന്നത് സ്ഥിരമാണ്. ഇത്തവണ മഴ ശക്തമായി തുടർന്നതിനാൽ ഒരാഴ്ചയോളം വെള്ളം കെട്ടിനിൽക്കുകയാണ്.
ഇതോടെ സബ് വേ റെയിൽവേ അടച്ചു. യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ ട്രെയിനിറങ്ങുന്ന നിരവധി യാത്രക്കാരാണ് സബ് വേയെ ആശ്രയിക്കുന്നത്.
ടെയിൽ പാകിയ അടിപ്പാതയുടെ ഉള്ളിൽനിന്ന് ഉറവ വരുന്നതിനാലാണ് വെള്ളം ഒഴിയാത്തത്. നിർത്താതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ഇതിന് മുമ്പും സബ് വേയിൽ വെള്ളം കയറിയിരുന്നു.
എന്നാൽ, ഇത്രയും ദിവസം വെള്ളം ഒഴിയാത്തത് ആദ്യമാണ്. ലിഫ്റ്റ്, മേൽപാലം സൗകര്യങ്ങൾ ഉണ്ടെങ്കിലും നിരവധി യാത്രക്കാരാണ് അടിപ്പാതയെ ആശ്രയിക്കുന്നത്. കിഴക്കുഭാഗത്തെ എസ്കലേറ്റർ പ്രവൃത്തി ഏറക്കുറെ പൂർത്തിയായെങ്കിലും യാത്രക്കാർക്ക് തുറന്നുകൊടുത്തിട്ടില്ല. ലിഫ്റ്റിൽ പരമാവധി ആറുപേർക്ക് മാത്രമാണ് കയറാനാവുക. രണ്ടും മൂന്നും വണ്ടികൾ ഒരേസമയമെത്തുമ്പോൾ യാത്രക്കാരുടെ തിരക്കിൽ മേൽപാലം കയറാനുള്ള ബുദ്ധിമുട്ടുള്ളതിനാൽ ഭൂരിഭാഗംപേരും അടിപ്പാതയെയാണ് ആശ്രയിക്കുന്നത്.