Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right10 വർഷം; ജലനിരപ്പ്...

10 വർഷം; ജലനിരപ്പ് താഴ്ന്നത് രണ്ടുമീറ്റർ

text_fields
bookmark_border
water day 2022
cancel

കണ്ണൂർ: വേനലിൽ കണ്ണൂരിന് പൊള്ളാൻ തുടങ്ങിയിട്ട് കാലമേറെയായി. വെള്ളം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തദ്ദേശതലത്തിൽ നടക്കുമ്പോഴും കിണറുകളിലെ ജലനിരപ്പ് താഴുകയാണ്. പത്തുവർഷത്തിനിടെ ജില്ലയിൽ രണ്ട് മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്. ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ കണക്കാണിത്. പയ്യന്നൂർ മേഖലയിലാണ് കുടിവെള്ളത്തിന് കൂടുതൽ ഭീഷണി ഉയരുന്നത്. മൂന്ന് മീറ്ററോളമാണ് ഇവിടെ താഴോട്ടുപോയത്.

മലയോരത്തെയും സ്ഥിതി വ്യത്യസ്തമല്ല. മട്ടന്നൂർ, ഇരിട്ടി, കൂത്തുപറമ്പ് മേഖലകളിലും കുടിവെള്ളക്ഷാമത്തിന് സാധ്യതയേറെയാണ്. കുറഞ്ഞ വർഷത്തിനിടെ ഒന്നര മീറ്ററോളം ജലനിരപ്പിൽ കുറവുണ്ടായി. റോഡ്, കെട്ടിടം നിർമാണങ്ങൾക്കായി വ്യാപകമായി മരങ്ങളും കുടിവെള്ള സ്രോതസ്സുകളും ചതുപ്പുകളും നശിപ്പിക്കുന്നതും മഴയുടെ കുറവുമാണ് ഈ ഭാഗങ്ങളിൽ ജലനിരപ്പ് കുറയാൻ കാരണം. കണ്ണൂർ വിമാനത്താവളത്തിനടക്കം ഏക്കർ കണക്കിന് പച്ചപ്പാണ് നശിപ്പിക്കപ്പെട്ടത്.

തീരപ്രദേശത്ത് ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 10 വർഷത്തിനിടെ കുടിവെള്ളത്തിന്റെ കാര്യത്തിൽ ആശങ്കാവഹമായ കുറവുണ്ടായെങ്കിലും മറ്റ് ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോൾ കണ്ണൂരിലെ സ്ഥിതി കാര്യമായുള്ളതല്ല. ജില്ലയിലെ കാലാവസ്ഥയിലുണ്ടായ മാറ്റം ജലനിരപ്പ് താഴാൻ കാരണമായതായി പഠനങ്ങൾ പറയുന്നു.

തുലാവർഷവും വേനൽമഴയും കുറഞ്ഞതാണ് പ്രധാന കാരണം. മലയോരത്തടക്കം കുന്നിടിക്കലും ക്വാറികളുടെ പ്രവർത്തനവും വില്ലനായി. വസ്ത്രം കഴുകാനും കൃഷിക്കും മൃഗങ്ങളെ കുളിപ്പിക്കാനും മറ്റുമായി പുഴകളെയും തോടുകളെയും ആശ്രയിക്കാത്തതും കിണറുകളിലെ വെള്ളത്തിന്റെ ഉപയോഗം വർധിപ്പിച്ചു.

വരൾച്ചയെ പ്രതിരോധിക്കുന്ന വേനൽമഴയുടെയും തുലാവർഷത്തിന്റെയും ലഭ്യതയിലുണ്ടായ വ്യത്യാസം ജില്ലയിലെ ജലനിരപ്പിനെ ബാധിച്ചതായി ഭൂജല വകുപ്പ് ജില്ല ഓഫിസർ ബി. ഷാബി പറഞ്ഞു.

കുഴൽക്കിണറുകൾക്ക് കണക്കില്ല

ഭൂജലം ഊറ്റിയെടുക്കുന്ന കുഴൽക്കിണറുകളുടെ നിർമാണം ജില്ലയിലും വർധിക്കുകയാണ്. 15,000ത്തോളം കുഴൽക്കിണറുകളെങ്കിലും ജില്ലയിലുണ്ട്. വിവിധ മേഖലകളിൽ അനുവദനീയമായതിലും കൂടുതൽ ആഴത്തിലും എണ്ണത്തിലുമാണ് കുഴൽക്കിണറുകൾ കുത്തുന്നത്. അനധികൃത നിർമാണം തടയാൻ ഭൂജല വകുപ്പ് കിണർ കുഴിക്കൽ ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. 22 ഏജൻസികൾക്ക് മാത്രമാണ് കുഴൽക്കിണറൊരുക്കാൻ ജില്ലയിൽ അനുമതി. എന്നാൽ, നൂറുകണക്കിന് വാഹനങ്ങളാണ് കുഴൽക്കിണർ നിർമാണത്തിനായി പായുന്നത്. ഇതിലേറെയും ഇതര സംസ്ഥാന സംഘങ്ങളാണ്.

സാധാരണ നിലയിൽ കുഴൽക്കിണറിനായി തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകണം. ഭൂജല വകുപ്പിന്റെ പ്രായോഗികത സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുക. അതത് പ്രദേശത്തെ ജലനിരപ്പും സമീപത്തെ ജലസ്രോതസ്സുകളും പരിശോധിച്ച ശേഷമാണ് അനുമതി നൽകുക. എന്നാൽ, ഭൂരിപക്ഷംപേരും ഇതിന് കാത്തുനിൽക്കാറില്ല. അനുമതിയില്ലാതെയാണ് 80 ശതമാനം കുഴൽക്കിണറുകളും നിർമിക്കുന്നത്. അപേക്ഷ തീർപ്പാക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും തിരിച്ചടിയാണ്. സർക്കാർ പദ്ധതികളുടെയും സ്വകാര്യ വ്യക്തികളുടെയും അപേക്ഷകളിൽ പ്രായോഗികത റിപ്പോർട്ട് നൽകാൻ ജില്ലതലത്തിൽ രണ്ടു സർവേയർ മാത്രമാണുള്ളത്. ഒരാൾ ഉദ്യോഗക്കയറ്റം ലഭിച്ച് പാലക്കാട്ടേക്ക് പോയി. ആയിരത്തോളം അപേക്ഷകളാണ് ജില്ലയിൽ കെട്ടിക്കിടക്കുന്നത്. താലൂക്ക് തലത്തിലെങ്കിലും സർവേയർമാരെ അനുവദിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്.

തദ്ദേശ സ്ഥാപനങ്ങൾക്കും താൽപര്യമില്ല

ജലനിരപ്പ് സംരക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും കാര്യമായ താൽപര്യമില്ല. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. മഴവെള്ളക്കൊയ്ത്ത് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് സബ്സിഡി നൽകുന്നുണ്ടെങ്കിലും ജനങ്ങളിലേക്കെത്തുന്നില്ല. കൃത്യമായ ബോധവത്കരണം ആവശ്യമാണ്. കനാലുകളിലും മറ്റും വെള്ളമെത്താത്തതിനാൽ കൃഷി അടക്കമുള്ള ആവശ്യങ്ങൾക്ക് കിണറുകളിൽനിന്ന് വെള്ളമെടുക്കേണ്ട സാഹചര്യം നിലവിലുണ്ട്. പുതിയ വീട് നിർമിക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പിന്നീട് പരിശോധനകൾ ഉണ്ടാവാറില്ല. പുഴകളിലും തോടുകളിലും ബണ്ടുകെട്ടി വെള്ളം തടഞ്ഞുനിർത്തുന്നതാണ് പലയിടത്തും കാര്യമായി നടക്കുന്ന ജലസംരക്ഷണ പ്രവർത്തനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water levelworld water day 2022
News Summary - water level in kannur district has dropped by two meters in the last ten years
Next Story