വയൽപ്രദേശത്ത് നീരൊഴുക്ക് തടസ്സപ്പെട്ടു; കൃഷിനാശം രൂക്ഷം
text_fieldsകാമേത്ത് വയൽ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് നശിച്ച
കവുങ്ങും തെങ്ങും
അഞ്ചരക്കണ്ടി: സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതിനെത്തുടർന്ന് വിശാലമായ കാമേത്ത് പ്രദേശത്തെ കാർഷിക മേഖലക്ക് കനത്ത നാശനഷ്ടം. നൂറുകണക്കിന് കവുങ്ങും തെങ്ങുമാണ് ഇവിടെ നശിച്ചത്. ഏതാനും വർഷങ്ങളായി വയലിലെ വെള്ളം കൃത്യമായി ഒഴുകിപ്പോകുന്നത് നിലച്ചതോടെയാണ് കൃഷി നാശം വ്യാപകമായത്. വിശാലമായ കാമേത്ത് വയൽഭാഗത്തെ രണ്ടാക്കി തിരിച്ചാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവിടെ വയലിന് കുറുകെ റോഡ് നിർമിച്ചത്.
കണ്ണൂർ മെഡിക്കൽ കോളജിലേക്ക് വാഹനങ്ങൾ കടന്നുപോകാൻ വേണ്ടിയാണ് ഇതുവഴി പുതിയ റോഡ് നിർമിച്ചത്. എന്നാൽ, വയൽഭാഗത്തെ വെള്ളം ഒഴുകിപ്പോകാൻ റോഡ് നിർമാണ സമയത്ത് അടിഭാഗത്ത് കൾവർട്ട് നിർമിച്ചിരുന്നു. മണ്ണ് വന്ന് നിറഞ്ഞ് മൂടിയതോടെ നീരൊഴുക്ക് നിലച്ചു. ഇത് പിന്നീടിങ്ങോട്ട് കൃഷിനാശത്തിന് ഇടയാക്കി. മാത്രമല്ല, വയൽപ്രദേശത്തെ വലിയ തോതിലുള്ള വെള്ളം കടന്നു പോകാൻ പാകത്തിൽ വീതി കൂടിയ കൾവർട്ട് നിർമിക്കാത്തതും പ്രശ്നം രൂക്ഷമാക്കി.
നേരത്തേ നെൽക്കൃഷിയടക്കം ചെയ്തിരുന്ന ഇവിടെ ഇപ്പോൾ കൃഷി ഒന്നും ചെയ്യാതെ കാടുമൂടിക്കിടക്കുകയാണ്. തെങ്ങ് കവുങ്ങ് എന്നിവക്ക് മണ്ട ചീയൽ ബാധിച്ചാണ് നശിച്ചത്. ഇതിന് പ്രധാന കാരണം ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊണ്ടാണ്.വേരുകൾ ചീഞ്ഞും കൃഷി നാശം രൂക്ഷമായി. പ്രദേശത്തെ വെള്ളം കൃത്യമായി ഒഴുകിപ്പോകാൻ സൗകര്യമൊരുക്കി കൃഷിയും കർഷകരെയും സംരക്ഷിക്കണമെന്ന് പ്രദേശത്തുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

