എം.എസ്.എഫ് മാർച്ചിൽ ജലപീരങ്കി, അറസ്റ്റ്
text_fieldsസിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി നടത്തിയ കണ്ണൂർ ഡി.ഐ.ജി ഓഫിസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കണ്ണൂർ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി നടത്തിയ കണ്ണൂർ ഡി.ഐ.ജി ഓഫിസ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് അൽപനേരം സംഘർഷമുണ്ടായി.
വനിത പ്രവർത്തകർ അടക്കം 17 പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.കെ. നജാഫ്, റുമൈസ റഫീഖ്, ജില്ല പ്രസിഡന്റ് നസീർ പുറത്തിൽ, ജനറൽ സെക്രട്ടറി കെ.പി. റംഷാദ്, കാസർകോട് ജില്ല പ്രസിഡന്റ് താഹ തങ്ങൾ, സവാദ് ആഗഡിമുഖർ, ഇജാസ് ആറളം, സൈഫുദ്ദീൻ തങ്ങൾ, ഷഹീദ റഷീദ്, അഷ്ഫീല ഷഫീഖ്, ഷഹബാസ് കയ്യത്ത്, ഷഫീർ ചെങ്ങളായി, തസ്ലീം അടിപ്പാലം, അസർ പാപ്പിനിശ്ശേരി, ആദിൽ എടയന്നൂർ, നഹല സഈദ്, റംഷാദ് റബ്ബനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാൾടെക്സിൽനിന്ന് പ്രകടനമായെത്തിയ എം.എസ്.എഫ് പ്രവർത്തകർ താവക്കര ജംങ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. താവക്കര ഗവ. യു.പി സ്കൂളിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. പൊലീസിന് നേരെ കൊടികെട്ടിയ വടികൾ വലിച്ചെറിഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധം കഴിഞ്ഞ് പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടയിലാണ് താവക്കരയിൽ റോഡ് ഉപരോധിച്ചത്.
ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. റോഡിൽ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെ പ്രവർത്തകരിൽ ഒരാൾ ബോധരഹിതനായി നിലത്തുവീണു. ഇയാളെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.
മാർച്ചിൽ സംഘർഷസാധ്യത കണക്കിലെടുത്ത് കണ്ണൂർ എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സുരക്ഷയൊരുക്കി. രാവിലെ മുതൽ ഡി.ഐ.ജി ഓഫിസ് റോഡിൽ ഗതാഗതം നിരോധിച്ച് പൊലീസ് ബാരിക്കേഡ് തീർത്തിരുന്നു. റോഡ് ഉപരോധത്തെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

