Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനി ഖാദി...

ഇനി ഖാദി ധരിക്കാം...വിഷു-റമദാൻ ഖാദിമേള തുടങ്ങി

text_fields
bookmark_border
ഇനി ഖാദി ധരിക്കാം...വിഷു-റമദാൻ ഖാദിമേള തുടങ്ങി
cancel
camera_alt

വിഷു, റമദാന്‍ സംസ്ഥാനതല ഖാദി മേള ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ ഉൽപന്നങ്ങളുമായി മന്ത്രി പി. രാജീവ്

Listen to this Article

കണ്ണൂർ: വിഷുവും റമദാനും കളറാക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദിമേള തുടങ്ങി. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഖാദി ഉൽപന്നങ്ങളുടെ സ്വീകാര്യത കൂടിയതായി അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ തയാറാക്കാൻ ഖാദി ബോർഡിന് സാധിക്കുന്നുണ്ട്. വിഷു, റമദാൻ പ്രമാണിച്ച് 30 ശതമാനം വരെ സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. 180 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഖാദി, കൈത്തറി, കയർ, മുള എന്നിവയുടെ വിപണനത്തിന് സർക്കാർ ഇ -കോമേഴ്‌സ് പദ്ധതി തുടങ്ങാൻ ആലോചിക്കുന്നുണ്ട്.

സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ച് ഒരുലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാന സർക്കാറിന്റെ എന്റെ ഗ്രാമം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന കൈരളി സ്വയം സഹായ ഗ്രൂപ്പിന്റെ ഉൽപന്നങ്ങളായ കൂവപ്പൊടി, ആയുർവേദിക് ഹെയർ ഓയിൽ, ബോഡി മസാജ് ഓയിൽ, ബേബി ഫുഡ് എന്നിവയും മന്ത്രി വിപണിയിലിറക്കി.

പുതിയ ഖാദി വസ്ത്രത്തിന്റെ ലോഞ്ചിങ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. പുതിയ ഖാദി ഉൽപന്നങ്ങളായ കുഞ്ഞുടുപ്പ്, ഖാദി പാന്റ് എന്നിവ കണ്ണൂർ എ.ഡി.എം കെ.കെ. ദിവാകരൻ ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭന് നൽകി ആദ്യവിൽപന നിർവഹിച്ചു. രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ അധ്യക്ഷത വഹിച്ചു.

കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഖാദി ബോർഡ് മെംബർ എസ്. ശിവരാമൻ, ഖാദി ബോർഡ് ഫിനാൻഷ്യൽ അഡ്വൈസർ ഡി. സദാനന്ദൻ, ഖാദി ബോർഡ് മാർക്കറ്റിങ് ഡയറക്ടർ പി. സുരേശൻ, പി.കെ.സി ഡയറക്ടർ, ടി.സി. മാധവൻ നമ്പൂതിരി, കണ്ണൂർ ഖാദി പ്രോജക്ട് ഓഫിസർ ഐ.കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.

ഉൽപന്നങ്ങൾ ഓൺലൈനായും

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഉൽപന്നങ്ങൾ ഗുണഭോക്താക്കൾക്ക് ഇനി ഓൺലൈൻ വഴിയും ലഭ്യമാക്കുന്നതിന് ഫ്ലിപ്കാർട്ടുമായി കരാർ ഒരുങ്ങുന്നു. വിഷു, റമദാൻ ഓണം ഖാദി മേളയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ്, ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ബോർഡ് സെക്രട്ടറി ഡോ. കെ. രതീഷ് ഫ്ലിപ്കാർട്ട് ലീഡ് ഡോ. ദീപു തോമസ് എന്നിവർ കരാർ ഒപ്പുവെച്ചു.

രൂപത്തിലും ഗുണത്തിലും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഖാദി ഗ്രാമ വ്യവസായ ഉൽപന്നങ്ങൾ ഓൺലൈൻ വഴി ഗുണഭോക്താക്കൾക്ക് എത്തിക്കുവാനുള്ള തീരുമാനം ഖാദി തൊഴിലാളികൾക്കും ഗ്രാമ വ്യവസായ സംരംഭകർക്കും ഏറെ പ്രയോജനപ്പെടുമെന്ന് ബോർഡ് വൈസ് ചെയർമാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
TAGS:Vishu-Ramadan Khadi Mela 
News Summary - Vishu-Ramadan Khadi Mela started
Next Story