ഉളിക്കൽ പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന; കൈക്കൂലി ഇടപാട് കണ്ടെത്തി
text_fieldsഉളിക്കൽ പഞ്ചായത്ത് ഓഫിസ് എൻജിനീയറിങ് വിഭാഗത്തിൽ കണ്ണൂർ വിജിലൻസ് സംഘം പരിശോധന നടത്തുന്നു
കണ്ണൂർ: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എൻജിനീയറിങ് വിഭാഗത്തിൽ ലക്ഷങ്ങളുടെ കൈക്കൂലി പണമിടപാട് നടന്നതായി കണ്ടെത്തി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ പരിശോധനക്കെത്തിയത്.
ഈ സമയം പല ജീവനക്കാരും ഇരിപ്പിടത്തിലുണ്ടായിരുന്നില്ല. എൻജിനീയറിങ് വിഭാഗത്തിൽ കയറിയതോടെ പലരും വിജിലൻസിനെ തിരിച്ചറിഞ്ഞില്ല. വിവരം പറഞ്ഞ് ഫോണുകൾ പിടിച്ചെടുത്തതോടെ ജീവനക്കാർ പരുങ്ങലിലായി. തുടർന്ന് ഫോണുകളും ഫയലുകളും പരിശോധിച്ചു. ഇതോടെ ലക്ഷങ്ങൾ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. ഗൂഗ്ൾ പേ വഴിയാണ് പണം കൈപ്പറ്റിയത്. രണ്ട് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കാണ് കൂടുതൽ കൈക്കൂലി പണം എത്തിയിട്ടുള്ളതെന്നും കണ്ടെത്തി.
നിരവധി ഫയലുകൾ വെച്ചു താമസിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചില കരാറുകാരിൽ നിന്ന് വാങ്ങുന്ന മാസപ്പടി ഒരു അക്കൗണ്ടിൽ എത്തിയ ശേഷം വീതംവെച്ചെടുക്കുകയാണ് പതിവെന്നും വിജിലൻസ് കണ്ടെത്തി.
വൈകീട്ടോടെയാണ് പരിശോധന പൂർത്തിയാക്കി സംഘം മടങ്ങിയത്. ഇനി ബാങ്ക് വിവരങ്ങളും മറ്റും ശേഖരിച്ച് നടപടിക്കായി റിപ്പോർട്ട് സമർപ്പിക്കും. എ.എസ്.ഐ ശ്രീജിത്ത്. സീനിയർ സി.പി.ഒ മാരായ ഷിഞ്ചു, സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഗെസറ്റഡ് ഓഫിസർ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് എ.ഇ അനിൽകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

