തട്ടിപ്പിൽപെടുത്താന് ‘കേന്ദ്രമന്ത്രി’യുടെ വിഡിയോ; ഏഴു പേര്‍ക്ക് നഷ്ടപ്പെട്ടത് 2.46 ലക്ഷം
text_fieldsകണ്ണൂര്‍: ജോലിയും ലാഭവും വാഗ്ദാനം ചെയ്തുള്‍പ്പെടെ നടത്തിയ തട്ടിപ്പില്‍ ഏഴു പേര്‍ക്ക് നഷ്ടപ്പെട്ടത് 2,46,502 രൂപ. തലശ്ശേരിയിലെ പ്രതില്യയുടെ 80,203 രൂപയാണ് തട്ടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂ നടത്തിയ തട്ടിപ്പുകാര്‍ പുതിയ സാലറി അക്കൗണ്ട് തുടങ്ങണമെന്നാവശ്യപ്പെട്ട് ഇവരില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ലോണ്‍ ലഭിക്കാനുള്ള വിവിധ ചാര്‍ജുകളായി മയ്യിലിലെ വി.വി. മോഹനന് 75,000 രൂപ അയച്ചുനല്‍കി. ലോണോ അടച്ച തുകയോ തിരിച്ചുകിട്ടിയില്ല. കേന്ദ്ര ധനകാര്യമന്ത്രി സംസാരിക്കുന്ന വ്യാജ യുട്യൂബ് വിഡിയോ ഉപയോഗിച്ചാണ് കണ്ണപുരത്തെ എ. ചന്ദ്രനെ തട്ടിപ്പിൽപെടുത്തിയത്.
വിഡിയോയില്‍ പരിചയപ്പെടുത്തിയ ഇന്‍വെസ്റ്റ്മെന്റ് സ്കീമില്‍ 24,500 രൂപയാണ് ചന്ദ്രന് നിക്ഷേപിച്ചത്. എസ്.ആര്.ജി.ഇ എന്ന കാറ്റാടി യന്ത്ര കമ്പനിയുടെ ആളുകളെന്ന് പരിചയപ്പെടുത്തി ഓഹരി വാഗ്ദാനം ചെയ്ത് തലശ്ശേരിയിലെ കെ. ലുബിനയുടെ 41,000 രൂപ കവര്‍ന്നു.
ചക്കരക്കല്ലിലെ സായന്തനയുടെ 12,000 രൂപയാണ് നഷ്ടപ്പെട്ടത്. ടെലഗ്രാം വഴിയുള്ള പാര്‍ട്ട്ടൈം ജോലിക്കായി പണമയച്ചു നല്‍കുകയായിരുന്നു. എടക്കാടെ അങ്കിതക്ക് 8,299 രൂപ നഷ്ടമായി. ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ സാധനം വാങ്ങാന്‍ പണമടക്കുകയായിരുന്നു.
കൂത്തുപറമ്പിലെ വിജേഷില്‍നിന്ന് 5,500 രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോണിനുള്ള ചാര്‍ജുകളെന്ന പേരിലാണ് ഇയാളില്‍നിന്ന് പണം വാങ്ങിയത്. സംഭവങ്ങളില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

