വേങ്ങാട് അങ്ങാടിക്ക് പുതിയ മുഖം
text_fieldsവേങ്ങാട് അങ്ങാടി
അഞ്ചരക്കണ്ടി: പരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന വേങ്ങാട് അങ്ങാടിക്ക് ഇനി പുതിയ മുഖം. റോഡ് റബറൈസ്ഡ്, ഇരുവശങ്ങളിലുമുള്ള ഇന്റർലോക്ക് നടപ്പാത, ഗ്രില്ലുകൾ കൊണ്ടുള്ള നടപ്പാതയുടെ സുരക്ഷ ഗേറ്റ് എന്നിവ പണിത് പുതുമോടിയിലാണ് ഇപ്പോൾ വേങ്ങാട് അങ്ങാടി.
ഒരുകാലത്ത് ജില്ലയിലെ പ്രധാന വ്യാപാര മേഖല കേന്ദ്രങ്ങളിലൊന്നാവുകയും പിന്നീട് നഷ്ടപ്രതാപത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു വേങ്ങാട് അങ്ങാടി.
1950 കാലഘട്ടത്തിൽ ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ തലശ്ശേരി, വളപട്ടണം, ധർമടം തുടങ്ങിയിടങ്ങളിൽനിന്നും അഞ്ചരക്കണ്ടി പുഴയിലൂടെ ജലമാർഗം ഇവിടെ സാധന സാമഗ്രികൾ എത്തിക്കുകയും വ്യാപാരച്ചന്തകൾ നടക്കുകയും ചെയ്തിരുന്നു.
ചരക്ക് സാധനങ്ങൾ വരുന്നതോടെ ഉരുവച്ചാൽ, കീഴല്ലൂർ, വളയാൽ, കൂത്തുപറമ്പ്, ഊർപ്പള്ളി, വട്ടിപ്രം തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ സംഘടിച്ചിരുന്നു. മലഞ്ചരക്ക് സാധനങ്ങൾ കയറ്റി അയക്കുന്നതിനായി വിവിധയിടങ്ങളിൽനിന്നും ആളുകൾ എത്തിപ്പെടുന്ന പ്രദേശം കൂടിയായിരുന്നു വേങ്ങാട്.
വർഷങ്ങൾക്കിപ്പുറം അടുത്ത പ്രദേശങ്ങൾ വികസിക്കുകയും റോഡ്, പാലങ്ങൾകൂടി വരുകയും ചെയ്തതോടെ വ്യാപാര മേഖലയിൽ ഇടിവ് സംഭവിക്കുകയും പ്രദേശത്തെ കെട്ടിടങ്ങൾ കാലപ്പഴക്കംകൊണ്ട് ജീർണിക്കുകയുമായിരുന്നു.
ഇന്ന് പ്രദേശം പൂർണമായും അടിമുടി മാറിയിരിക്കുകയാണ്. കൂത്തുപറമ്പ് -ഇരിപ്പുക്കടവ് പാലം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയായി.
അഞ്ചരക്കണ്ടി പാലം യാഥാർഥ്യമാക്കിയതോടെയാണ് അങ്ങാടിക്ക് അഞ്ചരക്കണ്ടി പട്ടണവുമായി വലിയ ബന്ധം ഉണ്ടായത്. മണക്കായി പാലവുംകൂടി വന്നതോടെ വികസനക്കുതിപ്പിന് കൂടുതൽ മുതൽക്കൂട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

