വാഹനം കത്തി; വെന്തുമരണത്തിന് സാക്ഷിയായി വീണ്ടും കണ്ണൂർ
text_fieldsകണ്ണൂര്‍: അന്ന് ദമ്പതികൾ, ഇപ്പോൾ ഉറ്റ സൃഹൃത്തുക്കൾ. വാഹനം കത്തിയമർന്ന് യാത്രക്കാരുടെ വെന്തുമരണത്തിന് സാക്ഷിയായി വീണ്ടും ജില്ല. ഓട്ടത്തിനിടെ വാഹനം കത്തിയമർന്ന് യാത്രക്കാരായ രണ്ടുപേര്‍ മരിക്കുന്ന സംഭവം രണ്ടാംതവണയാണ് കണ്ണൂരിൽ.
കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഫെബ്രുവരി ഒന്നിന് ഗര്‍ഭിണിയും ഭർത്താവും വെന്തുമരിച്ചിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശി റീഷ (31), ഭര്‍ത്താവ് പ്രജിത്ത് (42) എന്നിവരാണ് അന്ന് മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന മകൾ ശ്രീപാർവതിയും റീഷയുടെ മാതാപിതാക്കളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കണ്ണൂർ ഫയർ സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നിട്ടുകൂടിയും ഇരുവരെയും രക്ഷപ്പെടുത്താനായിരുന്നില്ല. വാതിൽ തുറന്ന് പുറത്തിറങ്ങാൻ പോലും സമയം നൽകാതെ നിമിഷങ്ങൾക്കകം തീനാളങ്ങൾ രണ്ടുജീവനെയും വിഴുങ്ങുകയായിരുന്നു. സമാനമായ അപകടമാണ് വെള്ളിയാഴ്ച രാത്രി കൂത്തുപറമ്പ് ആറാംമൈലിലും നടന്നത്.
മൈതാനപ്പള്ളിക്ക് സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി അയൽവാസികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു യുവാക്കൾക്കാണ് ദാരുണാന്ത്യം. പാറാട് സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ അഭിലാഷ് (36), സുഹൃത്ത് സജീഷ് (30) എന്നിവരാണ് വെന്തുമരിച്ചത്. സർവിസ് സെന്ററടക്കം സമീപത്തുണ്ടായിട്ടും തീയണക്കാൻ സാവകാശം ലഭിക്കാതെ മിനിട്ടുകൾക്കകം ഓട്ടോറിക്ഷയെ അഗ്നിമൂടി.
നാട്ടുകാരിൽ ചിലർ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറാംമൈലിൽനിന്ന് അഞ്ചര കിലോമീറ്റർ അകലെ വലിയവെളിച്ചത്തുള്ള അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ തലശ്ശേരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്.
സി.എൻ.ജി ഓട്ടോറിക്ഷയാണ് കത്തിയത്. സി.എൻ.ജി വാഹനങ്ങൾ റോഡിൽ മറിഞ്ഞ് ഡ്രൈവറുടെ സീറ്റിന് താഴെയുള്ള ഗ്യാസ് ടാങ്ക് വാൾവ് നെക്ക് പൊട്ടുകയും തീപ്പൊരിയുണ്ടാവുകയും ചെയ്താൽ തീ പിടിക്കാനുള്ള സാധ്യതയേറെയാണ്. പെട്രോളിലേക്ക് തീപിടിക്കുന്നതിനേക്കാൾ വേഗത്തിൽ കത്തും. മാസങ്ങൾക്കിടയിൽ വാഹനം കത്തി യാത്രക്കാർ കത്തിയമർന്ന ഞെട്ടലിലാണ് കണ്ണൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

