വണ്ണാത്തിപ്പുഴ കരകവിഞ്ഞു; ചെങ്ങളത്ത് നാലുകുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
text_fieldsപയ്യന്നൂർ: പെരുമ്പ പുഴയുടെ കൈവഴിയായ വണ്ണാത്തിപ്പുഴ കര കവിഞ്ഞൊഴുകുന്നു. കാനായി മീങ്കുഴി അണക്കെട്ടിനുസമീപമാണ് കര കവിഞ്ഞൊഴുകുന്നത്. അണക്കെട്ടിനു മുകളിലൂടെയുള്ള ഗതാഗതം നിലച്ചു. കാനായി, തോട്ടം കടവ് പ്രദേശങ്ങളിൽ വീടുകളിലേക്ക് ഏതു നിമിഷവും വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. റവന്യൂ വിഭാഗം ജാഗ്രത നിർദേശം നൽകി.
കനത്ത വെള്ളക്കെട്ടു കാരണം കടന്നപ്പള്ളി വില്ലേജിൽ നാലു കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി. കണ്ടോന്താർ ചെങ്ങളം ഭാഗത്തുതാമസിക്കുന്ന കുടുംബങ്ങളെ വെള്ളക്കെട്ടു കാരണം ബന്ധു വീടുകളിലേക്ക് മാറ്റിപ്പർപ്പിച്ചത്. കോറോം, വെള്ളൂർ വിലേജുകളുടെ അതിർത്തിയിൽ അമ്പലത്തറ അടിപ്പാതയിൽ വെള്ളം കയറി 10ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വാഹന ഗതാഗതം നിലച്ചു.
ശക്തമായ മഴയിൽ തിരുമേനി വില്ലേജിൽ ചാത്തമംഗലത്ത് വെളിയാനി പറമ്പിൽ വർഗീസിന്റെ വീട് തകർന്ന് ഭാഗികമായി തകർന്നു. രാമന്തളി കരമുട്ടത്ത് രണ്ടു വീടുകൾ മണ്ണിടിഞ്ഞ് തകർന്നു. ബി.എസ്. ഇബ്രാഹിം, സുലൈമാൻ എന്നിവരുടെ വീടുകളാണ് മണ്ണിടിച്ചിലിൽ തകർന്നത്. തൊട്ടടുത്ത കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. അടുക്കള ഭാഗം മണ്ണിൽ മൂടിയ നിലയിലാണ് നിരവധി വീടുകൾ ഇവിടെ മണ്ണിടിച്ചൽ ഭീഷണിയിലാണ്.
തിരുമേനി വില്ലേജിൽ കോറാളിയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞും കുത്തിയൊലിച്ചും വ്യാപകമായ കൃഷി നാശമുണ്ടായതായി റവന്യൂ അധികൃതർ അറിയിച്ചു. കാറമേലിലെ എൻ. ഖാദറിന്റെ വീട്ടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. മണിയറയിൽ തൈവളപ്പിലെ ടി.വി. മഞ്ജുള, പറമ്പത്ത് ചെമ്മരത്തി എന്നിവരുടെ വീടുകളിൽ വെള്ളം കയറി.
കനത്ത മഴയെ തുടർന്ന് പയ്യന്നൂർ നഗരസഭയിലെ നിരവധി റോഡുകൾ വെള്ളത്തിലായി. പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടു. പല വീടുകളിലും വെള്ളം കയറി. പിലാത്തറ മാതമംഗലം റോഡിൽ പുനിയങ്കോടും പരിസരത്തുമുള്ള റോഡുകൾ വെള്ളത്തിലായി. റോഡിൽ വെള്ളക്കെട്ട് കാരണം വാഹനയാത്ര ദുഷ്കരമായി. മാതംഗലം വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിനുസമീപത്തും റോഡിൽ വെള്ളം കയറി. രാത്രിയിലും മഴ ശക്തമായാൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
വണ്ണാത്തിപ്പുഴ കരകവിഞ്ഞതോടെ ചന്തപ്പുര കൊക്കോട്ടു വയലിൽ വെള്ളം കയറി. വയൽ മുഴുവൻ വെള്ളത്തിനടിയിലായി. നിരവധി ഹെക്ടർ കൃഷി നശിച്ചു. മഴ തുടർന്നാൽ റോഡിന് മുകളിൽക്കൂടി വെള്ളം ഒഴുകാൻ കരയിടിയാനും സാധ്യതയുണ്ട്. പെരുമ്പ പുഴയുടെ തീരങ്ങളിലും ദുരന്ത സാധ്യത നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

