വന്ദേഭാരത്: കണ്ണൂരിന് വേഗപ്രതീക്ഷ
text_fieldsകണ്ണൂർ: രാജ്യത്തെ 14 ാമത്തെ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം -കണ്ണൂർ സർവിസ് തുടങ്ങാനിരിക്കെ കണ്ണൂരിന് വാനോളം പ്രതീക്ഷകൾ. പതിവുപോലെ ഈ സർവിസും കാസർകോട് ജില്ലയെ ഒഴിവാക്കി കണ്ണൂരിൽ സർവിസ് അവസാനിക്കും.
തിരുവനന്തപുരത്തു നിന്ന് പുലർച്ച അഞ്ചിന് മുമ്പ് പുറപ്പെട്ട് എട്ടുമണിക്കൂറിനകം കണ്ണൂരിലെത്തി തിരിച്ചു രാത്രി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലായിരിക്കും വന്ദേഭാരത് സർവിസ് നടത്തുക. ഇതുസംബന്ധിച്ച് ഔദ്യോഗികമായി റെയിൽവേ അധികൃകതർക്ക് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.
കണ്ണൂരിൽ പകൽ ചുരുങ്ങിയ സമയം മാത്രമേ നിർത്തിയിടുകയുള്ളൂവെന്ന് ഉറപ്പാണ്. സർവിസ് ആരംഭിക്കുന്നതോടെ കണ്ണൂർ കാസർകോട് ജില്ലയിലെയും യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നുറപ്പാണ്.
പകൽ സമയങ്ങളിൽ സർവിസ് നടത്തുന്നതിനാൽ വന്ദേഭാരത് സർവിസിന് വേണ്ടി മറ്റു ട്രെയിനുകൾ വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും മറ്റും വേഗത്തിൽ കണ്ണൂരിലേക്ക് എത്താൻ വന്ദേഭാരത് എത്തുന്നതോടെ ഏറെ ഉപകാരപ്രദമാണ്.
സർവിസ് സമയങ്ങളിൽ കൂടുതൽ വ്യക്തത വന്നാൽ മാത്രമേ പൂർണരൂപം ലഭിക്കുകയുള്ളൂ. അടുത്താഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കേ വന്ദേഭാരത് എക്സ്പപ്രസിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂരിലെ യാത്രക്കാർ.

