വളപട്ടണം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി രാജിവെച്ചു
text_fieldsകണ്ണൂർ: നിക്ഷേപകർക്ക് സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലായ വളപട്ടണം സർവിസ് സഹകരണ ബാങ്കിന്റെ ഭരണസമിതി ഒടുവിൽ രാജിവെച്ചു. കാലാവധി തീരാൻ ഒരുവർഷം കൂടി ശേഷിക്കെയാണ് നിക്ഷേപകർക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഭരണസമിതിയുടെ രാജി.
പ്രസിഡന്റ് ബി.ടി. മൻസൂർ ബാങ്ക് സെക്രട്ടറി ഷൈന മനോജിനാണ് രാജി സമർപ്പിച്ചത്. പിന്നാലെ ഏഴ് ഡയറക്ടർമാരും രാജിക്കത്ത് നൽകി. ശേഷിക്കുന്നവരുടെ രാജി കൂടി ലഭിക്കുന്നതോടെ ബാങ്ക് മെംബർമാരുടെ മൂന്ന് പ്രതിനിധികളെ ഉൾപ്പെടുത്തി താൽക്കാലിക കമ്മിറ്റി രൂപവത്കരിക്കും.
യു.ഡി.എഫ് ഭരിക്കുന്ന വളപട്ടണം സർവിസ് സഹകരണ ബാങ്കിന് 13 അംഗ ഭരണസമിതിയാണുള്ളത്. ഇതിൽ ഏഴ് പേർ മുസ്ലിം ലീഗും ആറുപേർ കോൺഗ്രസിൽ നിന്നുമാണ്. രണ്ടു തവണയായി ഒമ്പതുവർഷമായി നിലനിൽക്കുന്ന ഈ ഭരണസമിതിക്ക് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ കഴിഞ്ഞില്ല.
വായ്പ അനുവദിച്ചതിലെ വീഴ്ചയും കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ കഴിയാത്തതും ബാങ്കിനെ പ്രതിസന്ധിയിലാക്കി. മാസങ്ങളായി ഒരു രൂപ പോലും നിക്ഷേപകർക്ക് പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയായി. പണം എടുക്കാൻ കഴിയാതെ നിക്ഷേപകർ എല്ലാ ദിവസവും ബാങ്കിലെത്തി തിരിച്ചുപോവുകയായിരുന്നു.
ഇതേച്ചൊല്ലി വാക്കേറ്റവും ബഹളവും പതിവായി. കേരള ബാങ്കിൽനിന്ന് അഞ്ച് കോടി വായ്പ പാസായെങ്കിലും ഫണ്ട് അനുവദിച്ചില്ല. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണസമിതിയുടെ വീഴ്ചയെന്ന് യു.ഡി.എഫും വിലയിരുത്തി. സഹായിക്കാൻ കഴിയില്ലെന്ന നിലപാടാണ് മുസ്ലിം ലീഗ്-കോൺഗ്രസ് നേതൃത്വവും സ്വീകരിച്ചത്.
സാമ്പത്തിക പ്രതിസന്ധി കാരണം ആറു ബ്രാഞ്ചുകളിലായി 26 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 40ഓളം പേരുടെ ശമ്പള വിതരണത്തെയും ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

