വളപട്ടണം സഹകരണ ബാങ്ക്; വാതിലിൽ മുട്ടി നിക്ഷേപകർ, നിസ്സഹായരായി ഭരണസമിതി
text_fieldsകണ്ണൂർ: അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതി നിലവിൽ വന്നിട്ടും വളപട്ടണം സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ കാര്യം പഴയപടി തന്നെ. ജീവിത സമ്പാദ്യം മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചവർ പണം പിൻവലിക്കാനാതെ ദുരിതത്തിലാണ്. മാസങ്ങളായി ബാങ്കിലെത്തുന്ന നിക്ഷേപകർക്ക് പണം എന്നുതിരികെ നൽകുമെന്ന് പറയാൻ അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതിക്കും സാധിക്കുന്നില്ല. കടത്തിൽ മുങ്ങിയ ബാങ്കിനെ സമീപത്തെ മികച്ച സഹകരണ ബാങ്കുകളിൽ ലയിപ്പിക്കാനാകുമോയെന്ന കാര്യവും ആലോചനയിലാണ്. ഇക്കാര്യമാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതി അംഗങ്ങൾ സഹകരണമന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതുസംബന്ധിച്ച് സംസാരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്.
എല്ലാ ദിവസവും നിക്ഷേപകർ ബാങ്കിലെത്തി പ്രതിഷേധമറിയിക്കുന്നുണ്ട്. വളപട്ടണം സ്വദേശിയായ മുഹമ്മദ് കുഞ്ഞി 23 ലക്ഷം രൂപയാണ് വിവിധ വർഷങ്ങളിലായി ബാങ്കിൽ നിക്ഷേപിച്ചത്. മകളുടെ വിവാഹ ആവശ്യത്തിനായി പണം പിൻവലിക്കാനാണ് ബാങ്കിലെത്തിയതെന്നും ദിവസങ്ങളായി വന്ന് തിരിച്ചുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ പ്രതിസന്ധിയിലായ വളപട്ടണം സർവിസ് സഹകരണ ബാങ്കിന്റെ അവസ്ഥ കഴിഞ്ഞ ആഗസ്റ്റിൽ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, യു.ഡി.എഫ് നിയന്ത്രിക്കുന്ന ഭരണസമിതി രാജിവെക്കുകയും ചെയ്തു.
ബി.പി. സിറാജുദ്ദീൻ കൺവീനറായും പി.സി. ഷുക്കൂർ, കെ.ആർ. അയ്യൂബ് എന്നിവരെ അംഗങ്ങളാക്കിയുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കാണ് ഇപ്പോൾ ഭരണചുമതല. അഡ്മിനിസ്ട്രേറ്റിവ് സമിതി ചുമതലയേറ്റുവെന്നല്ലാതെ കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാനാകുന്നില്ല. വളരെ കുറഞ്ഞ തുകയാണ് ഇവർക്ക് തിരികെ കിട്ടുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക നിക്ഷേപകർക്ക് നൽകുന്നതായി ഭരണസമിതി കൺവീനർ ബി.പി. സിറാജുദ്ദീൻ പറഞ്ഞു. ബാങ്ക് ലയനവും സമിതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വായ്പ അനുവദിച്ചതിലെ വീഴ്ചയും കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ കഴിയാത്തതുമാണ് ബാങ്ക് പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയത്. 42 കോടിയിലേറെ രൂപ നിക്ഷേപകർക്ക് മാത്രം നൽകാനുണ്ട്.
മുൻ ഭരണസമിതിയുടെ കാലത്തെ കിട്ടാക്കടമായി 20 കോടി വേറെയുമുണ്ട്. നിക്ഷേപം കൈപ്പറ്റുന്നതിന് ആനുപാതികമായി വായ്പ നൽകി ലാഭമുണ്ടാക്കുന്നതിൽ ഭരണസമിതിക്ക് വീഴ്ചയുണ്ടായെന്നാണ് സഹകരണവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. നിക്ഷേപകരുടെ വിവിധ പരാതികളിൽ വിഷയം സഹകരണ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സഹകരണ സംഘം ചിറയ്ക്കൽ യൂനിറ്റ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

