വളപട്ടണം സഹകരണ ബാങ്ക്;ഇനി അഡ്മിനിസ്ട്രേറ്റിവ് ഭരണം
text_fieldsകണ്ണൂർ: നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ പ്രതിസന്ധിയിലായ വളപട്ടണം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി വീണ്ടും രാജിവെച്ചു. എട്ടംഗ ഭരണസമിതി രാജിവെച്ചതോടെ ഭരണസ്തംഭനം ഒഴിവാക്കാൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി രൂപവത്കരിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. ബി.പി. സിറാജുദ്ദീൻ കൺവീനറായും പി.സി. ഷുക്കൂർ, കെ.ആർ. അയ്യൂബ് എന്നിവരെ അംഗങ്ങളാക്കിയുമാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. സഹകരണ വകുപ്പ് നിയമപ്രകാരം ആറുമാസത്തേക്കാണ് കമ്മിറ്റിയെന്ന് ജോയന്റ് രജിസ്ട്രാർ എം.കെ. സൈബുന്നിസ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ വ്യാപക പരാതിയാണ് നിക്ഷേപകർ ഉന്നയിച്ചിരുന്നത്. അക്കൗണ്ടിലെ പണം മാസങ്ങളായി പിൻവലിക്കാൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. പണം പിൻവലിക്കാൻ എത്തുന്നവരോട് കൈമലർത്തുകയാണ് ബാങ്ക് ജീവനക്കാർ ചെയ്തിരുന്നത്. അത്യാവശ്യകാര്യത്തിന് പോലും പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ നൂറുകണക്കിന് നിക്ഷേപകർ വെട്ടിലായി. ഇക്കാര്യം കഴിഞ്ഞ ആഗസ്റ്റിൽ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
പണമിടപാടിനെ ചൊല്ലി ഇടപാടുകാരും ബാങ്ക് ജീവനക്കാരും തമ്മിൽ മിക്ക ദിവസവും വാക്കേറ്റവും നടക്കുന്നു. പണം ലഭിക്കാതെ പുറത്തുപോവില്ലെന്ന് വാശിപിടിക്കുന്നതോടെ രാത്രി വൈകിയും ബാങ്ക് അടക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. പൊറുതിമുട്ടിയ നിക്ഷേപകർ ബാങ്ക് തുറക്കാൻ സമ്മതിക്കില്ലെന്ന നിലപാട് എടുത്തു. ഇതോടെ, മുസ്‍ലിം ലീഗ് അംഗമായ ബാങ്ക് ഭരണസമിതി പ്രസിഡന്റ് ബി.ടി. മൻസൂറും ഏഴ് ഡയറക്ടർമാരും രാജിവെച്ചു. രണ്ട് ദിവസത്തിനകം രാജിവെച്ചവരിൽ പലരും അത് പിൻവലിച്ചു.
നിക്ഷേപകരുടെ പരാതികൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ പിന്നീട് വന്ന കമ്മിറ്റിയും രാജിവെക്കുകയായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന വളപട്ടണം സർവിസ് സഹകരണ ബാങ്കിൽ 13 ഡയറക്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ മുസ്‍ലിം ലീഗിന്റെയും ആറ് പേർ കോൺഗ്രസിന്റെതുമാണ്. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് അടുത്തിടെയാണ് കടുത്ത പ്രതിസന്ധിയിലായത്. പ്രശ്നപരിഹാരത്തിന് കേരള ബാങ്കിൽനിന്ന് അഞ്ചുകോടി വായ്പ പാസായെങ്കിലും ഫയലിൽ സഹകരണവകുപ്പിൽനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. അനർഹരായ ചില വായ്പകളും തുടർന്നുള്ള കിട്ടാക്കടവുമാണ് പ്രതിസന്ധി കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

