വൈതൽമല–പാലക്കയംതട്ട് -കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട്: വിദഗ്ധ റിപ്പോർട്ട് തയാറാക്കും
text_fieldsകണ്ണൂർ: വൈതൽമല -പാലക്കയംതട്ട് -കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിെൻറ വികസനവുമായി ബന്ധപ്പെട്ട് വിദഗ്ധ റിപ്പോർട്ട് തയാറാക്കാൻ വനം -ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഈ മാസം ബന്ധപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കും. ബുധനാഴ്ച വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത്-വിനോദസഞ്ചാര മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് സമർപ്പിച്ച നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം. അടിയന്തര പ്രാധാന്യത്തോടെ ഇൗ ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനാണ് തീരുമാനം.
സംയുക്ത ഉദ്യോഗസ്ഥ സംഘത്തിെൻറ റിപ്പോർട്ട് കിട്ടിയാലുടൻ ഒക്ടോബർ ആദ്യപകുതിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഉത്തരമലബാറിെൻറ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള സർക്യൂട്ടിെൻറ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കുമെന്നും മന്ത്രിമാരായ എ.കെ. ശശീന്ദ്രനും അഡ്വ. പി.എ.മുഹമ്മദ് റിയാസും യോഗത്തിൽ പറഞ്ഞു. വൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിെൻറ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യം പോലും ഇവിടെയില്ല എന്ന കാര്യം ജോൺ ബ്രിട്ടാസ് എം.പി യോഗത്തിൽ ചൂണ്ടിക്കാണിച്ചു. സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ വനംവകുപ്പിെൻറ പൂർണ സഹകരണത്തോടെ വൈതൽമല വികസിപ്പിക്കാനാണ് സർക്കാറിെൻറ തീരുമാനം. പ്രവേശന സംവിധാനങ്ങൾ, ട്രക്കിങ് പാത്ത് വേകൾ, ശുചിമുറികൾ, പാർക്കിങ് സൗകര്യം, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയൻറ് നാമകരണം, കുറിഞ്ഞിപ്പൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും.
കാരവൻ പദ്ധതി, ടെൻറുകൾ, ഹട്ടുകൾ, റോപ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിെൻറ സന്ദർശനത്തിനുശേഷം രൂപരേഖ തയാറാക്കാനും ധാരണയായി. കാഞ്ഞിരക്കൊല്ലിയുടെ വികസന സാധ്യതകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും വനംവകുപ്പ് പഠിച്ച് റിപ്പോർട്ട് നൽകും. പാലക്കയംതട്ടിെൻറ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ച കരട് നിർദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകി.
പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റെയിൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികൾ, ടവറുകൾ, അതിർത്തി നിർണയിച്ച് സുരക്ഷാവേലി സ്ഥാപിക്കൽ, ഹട്ടുകൾ, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള കുഴൽക്കിണർ നിർമാണം, നടപ്പാത നിർമാണം, പൊലീസ് എയ്ഡ് പോസ്റ്റുകൾ തുടങ്ങിയവയുടെ നിർമാണം സംബന്ധിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. പാലക്കയംതട്ടിലെ സർക്കാർ ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള പരാതികൾ അടിയന്തരമായി അന്വേഷിക്കും. ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ്കുമാർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ്. അരുൺ, ടൂറിസം വകുപ്പ് അഡീഷനൽ സെക്രട്ടറി ഇ. സഹീദ്, സ്റ്റേറ്റ് റെസ്പോൺസിബിൾ ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ്കുമാർ, ജില്ല ഡെപ്യൂട്ടി കലക്ടർ ജെ. അനിൽജോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി.വി. പത്മകുമാർ, വനം-വന്യജീവി ഡെപ്യൂട്ടി സെക്രട്ടറി ജി.ആർ. രാജേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ.ആർ. സന്തോഷ് ലാൽ, ടൂറിസം പ്ലാനിങ് ഓഫിസർ രാജീവ് കാരിയിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.