വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ; സംഘർഷ ഭൂമിയായി പയ്യന്നൂർ
text_fieldsപയ്യന്നൂർ: രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ കോടികളുടെ അഴിമതി നടത്തിയെന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സംഘർഷ ഭൂമിയായി പയ്യന്നൂർ.
സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ നഗരത്തിൽ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ച് ആക്രമണമുണ്ടായത്. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽനിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ബസാറിൽ എത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ 25 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർ ആക്രമണം നടത്തിയതായണ് പരാതി. ആക്രമണത്തിൽ നിലത്തു വീണ പലരെയും വടി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതി. ഈ സമയം പൊലീസുകാർ സ്ഥലത്തുണ്ടായെങ്കിലും കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
പരിക്കേറ്റ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ (70), ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. രൂപേഷ് (49), വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ.ടി. ഹരീഷ് (48), വെള്ളൂരിലെ ടി. രാജൻ (66) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സന്ദർശിച്ചു. ഇതിനുശേഷം നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി.
ഈ പ്രകടനത്തിനുനേരെയും ആക്രമണം നടന്നു. ഇരുവിഭാഗവും ടൗണിൽ ഏറ്റുമുട്ടിയപ്പോൾ വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സഹകരണ ആശുപത്രി, പയ്യന്നൂർ സർവിസ് ബാങ്ക്, എം.എൽ.എ ഓഫിസ് എന്നിവക്കു നേരെ കോൺഗ്രസ് ആക്രമണമുണ്ടായതായി സി.പി.എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ കെ.കെ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി പി. സന്തോഷ്, ജില്ല കമ്മിറ്റിയംഗം സരിൻ ശശി, ടി. വിശ്വനാഥൻ, എ.വി. രഞ്ജിത്ത്, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി നേരിടുന്നു -അഡ്വ. മാർട്ടിൻ ജോർജ്
പയ്യന്നൂർ: രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
ഫണ്ടിലെ വെട്ടിപ്പ് തുറന്നുപറഞ്ഞത് സി.പി.എം ജില്ല കമ്മിറ്റി അംഗമായ വി. കുഞ്ഞി കൃഷ്ണനാണ്. നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത ലക്ഷങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സി.പി.എം നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയായിരുന്നുവെന്ന് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

