നോവായ ഷംന; പൊരുതിത്തോറ്റ അബൂട്ടി, സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം
text_fieldsഷംനയും പിതാവ് അബൂട്ടിയും (ഫയൽചിത്രം)
ഉരുവച്ചാൽ: ഒരു നാടിന്റെയാകെ പ്രതീക്ഷയായിരുന്ന മകളുടെ ദാരുണാന്ത്യം, അവൾക്ക് നീതി തേടിയുള്ള അലച്ചിലിനൊടുവിൽ ഹൃദയം തകർന്ന് വിടപറഞ്ഞ പിതാവ്. വർഷങ്ങൾ കഴിഞ്ഞിട്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകൾ. പുതിയ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന ഷംന തസ്നീമിന്റെയും മകൾക്കായി പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങിയ പിതാവ് അബൂട്ടിയുടെയും ഓർമകൾ ശിവപുരത്തുകാരുടെ മനസ്സിൽ ഇന്നും വറ്റാത്ത കണ്ണീരാണ്.
പുതിയ ഭരണസംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് നീതിക്കായുള്ള പോരാട്ടം വീണ്ടും ശക്തമാക്കുകയാണ് കുടുംബവും നാട്ടുകാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും.
2016 ജൂലൈ 18നാണ് ശിവപുരം ആയിഷ മൻസിലിൽ അബൂട്ടി-ഷരീഫ ദമ്പതികളുടെ മകളായ ഷംന തസ്നീം (21) സ്വന്തം കലാലയത്തിൽ ഡോക്ടർമാരുടെ വീഴ്ചയെ തുടർന്ന് മരിക്കുന്നത്. നിസ്സാര പനിക്ക് ചികിത്സതേടിയെത്തിയ ഷംനക്ക് നൽകിയ ‘സെഫ്ട്രിയാക്സോൺ’ എന്ന ആന്റിബയോട്ടിക് ഇൻജക്ഷൻ കടുത്ത അലർജിക്ക് കാരണമാവുകയായിരുന്നു. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ 20 മിനിറ്റിലധികം വൈകിയതും അടിയന്തര ജീവൻരക്ഷാമരുന്നുകളോ ഓക്സിജനോ വാർഡിൽ ലഭ്യമാകാതിരുന്നതുമാണ് മരണത്തിലേക്ക് നയിച്ചത്. ആതുരാലയത്തിലെ അധ്യാപകരുടെയും ഡോക്ടർമാരുടെയും വീഴ്ചയും അനാസ്ഥയുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള അന്വേഷണ കമീഷനുകളും പറഞ്ഞിരുന്നു. തെളിവുകളുണ്ടായിട്ടും പ്രതികളായ ഡോക്ടർമാരെ സംരക്ഷിക്കാൻ അന്നത്തെ അധികാരികൾ ശ്രമിച്ചുവെന്നത് നീതിവ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നുവെന്ന് കുടുംബം പരാതിപ്പെടുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച സിവിൽ ഹരജി വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
പുതിയ ഭരണകൂടമെങ്കിലും തങ്ങൾക്ക് നീതിനൽകുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ ഷംനയുടെ കുടുംബവും ശിവപുരത്തെ നാട്ടുകാരും.
ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി യൂത്ത് ലീഗ്
ഉരുവച്ചാൽ: ഷംനയുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടം മുതൽ സമരരംഗത്തുള്ള യൂത്ത് ലീഗ് ഈ വിഷയത്തിൽ വീണ്ടും ശക്തമായ ഇടപെടലുകളുമായി മുന്നോട്ടുവരുകയാണ്. യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് പി.ആർ. ഉബൈദിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

