Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോഗ്യ മന്ത്രി അറിയാൻ;...

ആരോഗ്യ മന്ത്രി അറിയാൻ; കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വേണം വിദഗ്ധ ചികിത്സ

text_fields
bookmark_border
Kannur Govt. Medical College
cancel
camera_alt

കണ്ണൂർ ഗവ. മെഡിക്കൽ കോളജ്

പയ്യന്നൂർ: ഉത്തരമലബാറിലെ നിർധനരായ പതിനായിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കടുത്ത അവഗണനയിലും ശോച്യാവസ്ഥയിലുമാണിന്ന്. കെ. മുരളീധരൻ ആരോഗ്യ മന്ത്രിയായശേഷം ആദ്യമായി ജില്ലയിലെത്തുകയും കോളജ് സന്ദർശിക്കുകയും ചെയ്യുമ്പോൾ മന്ത്രിയുടെ മുന്നിൽ വെക്കാൻ നാട്ടുകാർക്ക് നിരവധി ആവശ്യങ്ങളുണ്ട്.

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് പുറമെ, കർണാടകയിലെ കുടക് മേഖലയിൽനിന്നുൾപ്പെടെ നിത്യേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന ഈ പ്രമുഖ പൊതുജനാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് ഇല്ലായ്മയുടെ കഥകൾ മാത്രമാണ്. ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നുപോലും ലഭിക്കുന്ന പരിഗണനയോ സൗകര്യങ്ങളോ ഈ വൻകിട ആശുപത്രിയിൽ ലഭിക്കുന്നില്ലെന്നത് ജനങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

ചികിത്സവേണം, ഹൃദയാലയത്തിന്

പഴയ ഹൃദയാലയ ഇന്നില്ല. പകരം ഒരു ഡിപ്പാർട്മെൻറ് മാത്രം. അതുകൊണ്ടുതന്നെ ചികിത്സക്ക് പരിമിതിയുണ്ട് ഭരണനിർവഹണത്തിനും. പ്രതിമാസം ആയിരക്കണക്കിന് ഹൃദയശസ്ത്രക്രിയ നടന്ന സ്ഥാപനത്തിൽ ഇപ്പോൾ നടക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. പലപ്പോഴും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടേണ്ടിവരുന്നു. ഇതിനു പുറമെ, ആശുപത്രിയുടെ തുടക്കം മുതൽ ജോലിചെയ്ത ഏറ്റവും കൂടുതൽ രോഗികളുള്ള ഡോക്ടർമാരെ അവഗണിച്ച് പുറത്തുചാടിക്കാൻ ശ്രമം നടക്കുന്നതായും അവരുടെ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ അനുവദിക്കുന്ന ദിവസം വെട്ടിക്കുറച്ചതായും പരാതിയുണ്ട്.

ബെഡുകൾ ഇല്ല

കാഷ്വൽറ്റിയിലും വാർഡുകളിലും വേണ്ടത്ര ബെഡുകളില്ലാത്ത ശോച്യാവസ്ഥയാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണണം. ഇതിനുപുറമേ, ആശുപത്രിയിലെ ശുചിമുറികളുടെ അവസ്ഥ ഏറെ മോശമാണ്. ടോയ്‌ലറ്റുകൾ ഒട്ടും തന്നെ വൃത്തിയാക്കാത്തതിനാൽ കടുത്ത മൂത്രഗന്ധവും അഴുക്കും കാരണം വരാന്തകളിൽ പോലും ആളുകൾക്ക് നിൽക്കാൻ കഴിയുന്നില്ല. വാർഡുകളിലേക്ക് വരെ ഈ ദുർഗന്ധം അടിച്ചുകയറുകയാണ്. ബെഡ്ഷീറ്റുകൾ റേഷനായി മാത്രമാണ് ലഭിക്കുന്നത്. വാർഡുകളിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യവും അവഗണനയിലാണ്.

ഫാർമസിയിൽ മരുന്നില്ല

ആശുപത്രിയിലെ മെഡിക്കൽ ഷോപ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ല. പാവപ്പെട്ട രോഗികൾ പുറത്തുനിന്ന് വൻവില കൊടുത്ത് മരുന്ന് വാങ്ങേണ്ടിവരുന്നു. സൗജന്യ മരുന്നിന് വരിനിന്ന് കൗണ്ടറിലെത്തുമ്പോഴാണ് മരുന്നില്ല എന്നറിയുന്നത്. കാരുണ്യയുടെ സ്ഥിതിയും തഥൈവ. വികസന സമിതിയുടെ ഫാർമസിയിൽ മരുന്നുണ്ട്. ഇവിടെ എന്നും തിരക്കാണ്.

സൂപ്പർ സ്പെഷ്യാലിറ്റികൾക്കും വേണം അടിയന്തര ശസ്ത്രക്രിയ

നെഫ്രോളജി, യൂറോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ അഭാവവും ഗ്യാസ്ട്രോളജിയിൽ ഡോക്ടർമാരുടെ കുറവുമുണ്ട്. അടിയന്തര പരിഗണന അനിവാര്യമാണ്. വിദഗ്ധരായ നെഫ്രോളജിസ്റ്റുകൾ ഇവിടെയില്ല. എന്നാൽ, നെഫ്രോളജി വിഭാഗം എന്ന് ബോർഡ് വെച്ച് മറ്റ് ജനറൽ ഡോക്ടർമാരാണ് നിലവിൽ രോഗികളെ നോക്കുന്നത് എന്ന് പരാതി മുമ്പ് ഉയർന്നിരുന്നു. യൂറോളജി വിഭാഗത്തിലും ഡോക്ടർമാരുടെ കുറവുണ്ട്.

എന്ന് ഫ്രീയാവും വരാന്തകൾ?

വാർഡുകളുടെ വരാന്തകളിൽ മരുന്നുപെട്ടികൾ കൂട്ടിയിട്ട നിലയിലാണ്. ചിലയിടങ്ങളിൽ ചില സന്നദ്ധ സംഘടനകളുടെ അധിനിവേശവും. അതുകൊണ്ടുതന്നെ നടന്നുപോകാൻ ബുദ്ധിമുട്ടാണ്. പഴയ സാനറ്റോറിയം കെട്ടിടങ്ങൾ പുതുക്കിയാൽ മരുന്ന് സൂക്ഷിക്കാം. മോർച്ചറിയിലെ ഫ്രീസറുകൾ എന്നും പണിമുടക്കുന്നു. ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ദേശീയപാതയോരത്തെ മെഡിക്കൽ കോളജ് എന്ന പരിഗണനയിൽ അപകാതകൾ പരിഹരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Ministerkannur medical collegeissueskerala local news
News Summary - Health Minister’s Visit: Urgent Demands and Lacking Facilities at Kannur Government Medical College
Next Story