നഗരപാതകൾ: ശാശ്വത പരിഹാരമായില്ല
text_fieldsതാളിക്കാവിൽ റോഡ് തകർന്ന ഭാഗത്ത് കരിങ്കൽ ജില്ലികളിട്ട് നികത്തിയ നിലയിൽ
കണ്ണൂർ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് കുഴിയടക്കലിന് പുറമെ മറ്റു പരിഹാരങ്ങളൊന്നുമായില്ല. ജില്ലിയിട്ട് കുഴികൾ നികത്തുക മാത്രമാണ് ചെയ്തത്. മഴ മാറാതെ റീ ടാറിങ്ങോ മറ്റു പ്രവൃത്തിയോ നടത്താനാവില്ലെന്നാണ് കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ നിലപാട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡുകളാണ് കനത്ത മഴയിൽ പാടേ തകർന്നത്. താളിക്കാവ് റോഡാണ് ആദ്യം തകർന്നത്. പിന്നാലെ ഒണ്ടേൻ റോഡിനും ഇതേ ഗതിയായി. എസ്.എൻ പാർക്ക്, സ്വാമിമഠം റോഡ് എന്നിവിടങ്ങളിലും റോഡിൽ വിള്ളൽ വീണ് കുഴികൾ രൂപപ്പെട്ടു. വലിയ ലോറികൾ തുടർച്ചയായി കുഴിയിൽ താഴ്ന്നു. വിമർശനങ്ങൾ ഉയർന്നതോടെയാണ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം കുഴിയടച്ചത്. വലിയ വാഹനങ്ങൾ പോയി കരിങ്കൽ ജില്ലികൾ ഇളകിയതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രയാസമുണ്ട്.
മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പിടാൻ കുഴിച്ചതിനെത്തുടർന്നാണ് റോഡുകൾ റീടാറിങ് നടത്തിയത്. റോഡ് നിർമാണത്തിൽ അഴിമതി ആരോപണമുന്നയിച്ച് കോർപറേഷനിലെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

